കൊല്‍ക്കത്ത:തൃണമുല്‍ കോണ്‍ഗ്രസ് എം.പി നസ്റത്ത് ജഹാന്റെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പിനിരയായി. ഇഷ്ടമുള്ള ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നസ്റത്ത് ജഹാന്റെ ഭര്‍ത്താവ് നിഖില്‍ ജെയ്നില്‍ നിന്ന് 45,000 രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ജെയ്ന്‍ പോലീസില്‍ പരാതി നല്കി. കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ സെല്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ജെയ്ന്‍ പുറമെ മറ്റ് നിരവധി പേരും തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കുന്നുണ്ട്. ഇഷ്ട നമ്പര്‍ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് മൊബൈല്‍ ഫോണിലേക്ക് ബള്‍ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ നിന്നുള്ള സംഘം ഫാന്‍സി നമ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് വര്‍ഷം മുമ്പ് തട്ടിപ്പ് നടത്തിയിരുന്നു. സമാനമായ തട്ടിപ്പാണ് വീണ്ടും നടന്നിരിക്കുന്നത്.