Business

അകാലത്തില്‍ പിരിഞ്ഞ സുഹൃത്തിനെ ഓര്‍ക്കാന്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ച് സുഹൃത്തുക്കള്‍

അകാലത്തില്‍ പിരിഞ്ഞ സുഹൃത്തിനെ എക്കാലത്തും ഓര്‍ക്കാന്‍ 90 ദിവസം കൊണ്ട് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ച് സുഹൃത്തുക്കള്‍. എളവൂര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്‍വശത്ത് റോമി മാത്യു മെമ്മോറിയല്‍ ബസ് ഷെല്‍ട്ടര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. എളവൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് വളവി ഉദ്ഘാടനം ചെയ്തു.

സൗദിയിലെ ജോലി സ്ഥലത്തും എളവൂരിലും റോമി മാത്യു എത്രത്തോളം പ്രിയങ്കരനായിരുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് റോമി മാത്യു മെമ്മോറിയല്‍ ഫൗണ്ടേഷന്‍.

റോമിയുടെ ജനങ്ങളോടുള്ള ഇടപെടല്‍ എന്നും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി റോമി മാത്യു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരംഭം കുറിക്കുന്നതെന്ന് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്ററും ജോയ് ആലൂക്കാസ് ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജറുമായ അനീഷ് വര്‍ഗീസ് പറഞ്ഞു.

എളവൂര്‍ പ്രദേശത്ത് നിന്ന് പ്രധാന നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ബസുകളുടെയും ട്രെയിനുകളുടെയും ഒരു ഇന്‍ഫര്‍മേഷന്‍ ടേബിള്‍ ഈ ബസ് ഷെല്‍ട്ടറിന്റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകതയാണ്.

ഏത് കാര്യത്തിനും എപ്പോഴും ആശ്രയിക്കാവുന്ന ഒരാളായിരുന്നു റോമി മാത്യുവെന്ന് എംഎല്‍എ റോജി എം ജോണ്‍ അനുസ്മരിച്ചു.

പൂന്തോട്ടക്കാരനോട് ഒരു പൂ പറിക്കാന്‍ പറഞ്ഞാല്‍ അവന്‍ ആ തോട്ടത്തിലെ ഏറ്റവും നല്ല പൂവായിരിക്കും ആദ്യം പറിക്കുക. അതുപോലെ ദൈവം പറിച്ചെടുത്ത പൂവാണ് റോമി മാത്യുവെന്ന് സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് വളവി പറഞ്ഞു. ദൈവത്തിന്റെ കരമായി റോമി മാത്യു ചെയ്തിരുന്ന പ്രവൃത്തികള്‍ റോമി മാത്യു ഫൗണ്ടേഷനിലൂടെ ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് ഫാദര്‍ ജോസഫ് വളവി പറഞ്ഞു.

മുപ്പത്തിയെട്ടാം വയസ്സില്‍ ഹൃദയാഘാതം മൂലമായിരുന്നു റോമി മാത്യുവിന്റെ മരണം. റോമി മാത്യുവിന്റെ സഹോദരനും അദ്ദേഹത്തെ അനുസ്മരിച്ചു. ജില്ല പഞ്ചായത്ത് മെംമ്പര്‍ നിര്‍മ്മല്‍ സി പാത്താടന്‍, എളവൂര്‍ സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി വി ജോസ്, വാര്‍ഡ് മെംമ്പര്‍മാരായ രാമകൃഷ്ണന്‍, അനിരുദ്ധന്‍, ബീന രവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top