കല്‍പ്പറ്റ: വൈത്തിരിയില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികില്‍ നിന്നും നാടന്‍ തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററും സ്ഥലത്ത് നിന്ന് കിട്ടി.
അതേസമയം, ആദ്യം വെടിയുതിര്‍ത്തത് പൊലീസാണെന്നും മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. 50000 രൂപയും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ട മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്നും വിനോദ സഞ്ചാരികള്‍ എത്തിയപ്പോള്‍ ഇവര്‍ കൗണ്ടറില്‍നിന്നു മാറി നിന്നെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി.
അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചതെന്നാണു പൊലീസിന്റെ വെളിപ്പെടുത്തല്‍. വെടിയേറ്റു പൊലീസ് വാഹനത്തിന്റെ ചില്ലുതകര്‍ന്നു. ഇരുളില്‍നിന്നു രാത്രി വൈകിയും പോലീസിനുനേരേ വെടിവയ്പുണ്ടായി. റിസോര്‍ട്ട് വളപ്പില്‍ പൊലീസ് അവര്‍ക്കു നേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നും ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.