Latest News

രാജ്യത്തെ നിക്ഷേപ സാധ്യതാ സൂചികയില്‍ മികച്ച നേട്ടവുമായി കേരളം

ഇന്ത്യയില്‍ സംസ്ഥാന നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഭൂമി, തൊഴില്‍, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയ സ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥാനമാക്കിയ 2018ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍ – സ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് പൊട്ടന്‍ഷ്യല്‍ ഇന്‍ഡക്‌സ് 2018′) സൂചികയില്‍ കേരളത്തിന് നാലാം സ്ഥാനം ലഭിച്ചു.

കേരളം നിക്ഷേപ സാധ്യതാ സംസ്ഥാനമെന്ന ഈ കണ്ടെത്തലുമായി എന്‍-എസ്‌ഐപിഐ സര്‍വെ ഇന്ന് കൊച്ചിയില്‍ സമാപിച്ച അസെന്‍ഡ് 2019-ല്‍ പ്രകാശനം ചെയ്തു. ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു തൊട്ടുപിന്നിലാണ് കേരളത്തിന്റെ സ്ഥാനമെന്ന് എന്‍സിഎഇആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ ഷാ പറഞ്ഞു. സംരംഭങ്ങളുടെ ശാക്തീകരണം എന്ന വിഷയത്തിലെ ആദ്യ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ ബിസിനസ് അന്തരീക്ഷത്തെ നിര്‍ണയിക്കുന്ന നയങ്ങളിലും ഘടനകളിലും കേന്ദ്രീകരിക്കുന്ന എന്‍-എസ്‌ഐപിഐ മാനദണ്ഡങ്ങള്‍ സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം എന്നു കേള്‍ക്കുമ്പോള്‍ ആര്യോഗ്യം, വിദ്യാഭ്യാസം, ജലം, ഹരിതാഭ എന്നിവയാണ് മനസ്സിലെത്തുക. എന്നാല്‍ അവ നിലനിര്‍ത്തിക്കൊണ്ട് കേരളത്തെ ഉല്‍പ്പാദനത്തിന്റെ പര്യായമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ വികെ രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താനാകുമെന്നും സെഷനില്‍ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപിക്കാവുന്ന പദ്ധതികള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളെ പദ്ധതികളാക്കി മാറ്റല്‍, സമ്പാദ്യം പുതുക്കല്‍, പരിചരണം തുടങ്ങിയ ബിസിനസ് മാതൃകകള്‍ ഉള്‍പ്പെടെ കേരളത്തിനായുള്ള പത്ത് നിക്ഷേപ തന്ത്രങ്ങള്‍ ഇന്‍വെസ്റ്റ് ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ ദുഷ്യന്ത് ഠാക്കുര്‍ അവതരിപ്പിച്ചു. മറ്റുള്ളവയെ പോലെയല്ല കേരളത്തിന്റെ ബിസിനസ് മാതൃക. നൂതനത്വത്തിലും സ്റ്റാര്‍ട്ടപ്പുകളിലും ഇസ്രായേലാണ് സംസ്ഥാനത്തിനു സമാന്തരമായുളളത്. സംസ്ഥാനം കൂടുതല്‍ പ്രാമുഖ്യം നല്‍കാത്ത രോഗാനന്തര പരിചരണമേഖല സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭക എന്ന നിലയിലുള്ള അനുഭവങ്ങള്‍ ഏക ബയോമെഡിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി ആര്‍ദ്ര ചന്ദ്രമൗലി പങ്കുവച്ചു.

ബയോടെക്, ഗ്രീന്‍ ദൗത്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ട്. സാങ്കേതികാധിഷ്ഠിത ഉല്‍പ്പന്നങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കുന്ന വിദ്യാസമ്പന്ന ഉപഭോക്തൃ അടിസ്ഥാനമുള്ള പാരിസ്ഥിതിക അവബോധം സംസ്ഥാനത്തിനുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തമ്മില്‍ വിവരവിനിമയം നടക്കാത്ത അവസ്ഥ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആദ്യ സൗരോര്‍ജ ബോട്ടായ ആദിത്യ 40,000 കിലോമീറ്റര്‍ താണ്ടിയതായും 150 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 6.5 ലക്ഷത്തോളം ജനങ്ങളെ വഹിച്ചിട്ടുണ്ടെന്നും നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് സിഇഒ ശ്രീ സന്ദീത് തണ്ടശേരി അറിയിച്ചു. കേരളത്തിലെ ഉല്‍പ്പാദന മേഖലയെ ഹര്‍ത്താലുകളില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top