ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാര്ഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാലിനു നടക്കുന്ന സാംസ്കാരികോല്‍സവത്തില്‍ അദ്ദേഹം മുഖ്യാതിഥിയാകും.
പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചെയര്മാന് സാം പിത്രോദ അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുന്നത്. നാളെ രാഹുല്‍ അബുദാബി ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും. ദുബായില്‍ വിദ്യാര്‍ഥികളുമായും ലേബര്‍ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും.