Breaking News

വനിതാമതില്‍ ഉയര്‍ന്നത് ചരിത്രത്തിലേക്ക് ; സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായിരുന്നു വനിതാ മതിലെന്ന് യൂണിവേഴ്സല്‍ റെക്കാര്‍ഡ്സ് ഫോറം

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കെട്ടിപ്പണിത വനിതാമതില്‍ ഉയര്‍ന്നത് ചരിത്രത്തിലേക്ക്. സംസ്ഥാനത്ത് കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള ദേശീയപാതയോരത്ത് 620 കിലോ മീറ്റര്‍ ദൂരത്തിലാണ് വനിതകള്‍ മതിലൊരുക്കിയത്. കാസര്‍കോട് പുതിയബസ്സ്റ്റാന്‍ഡ് സര്‍ക്കിളിനടുത്ത് മതിലിന്റെ ആദ്യകണ്ണികളായി മന്ത്രി കെ.കെ.ശൈലജയും എ.കെ.ജിയുടെ മകള്‍ ലൈലാ കരുണാകരനും നിന്നു. വെള്ളയമ്പലത്ത് സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സി.പി.ഐ. നേതാവ് ആനിരാജയുമായിരുന്നു അവസാനകണ്ണികള്‍. നാലിന് മതില്‍തീര്‍ത്തശേഷം കാസര്‍കോട്ട് കെ.കെ.ശൈലജയും വെള്ളയമ്പലത്ത് ടി.എന്‍. സീമയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അമ്പത്തിയഞ്ച് ലക്ഷത്തിലധികം വനിതകള്‍ വനിതാ മതിലില്‍ അണിചേര്‍ന്നു എന്നാണ് സംഘാടകരുടെ വാദം. സംസ്ഥാനത്താകെ 55 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി സംഘാടക സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. അമ്പതുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്കുകളെന്ന് യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം (യു.ആര്‍.എഫ്.) അന്താരാഷ്ട്ര ജൂറി അംഗം സുനില്‍ ജോസഫും സ്ഥിരീകരിച്ചു. വനിതാമതില്‍ ലോകറെക്കോഡിന് അര്‍ഹമാണോ എന്ന് പരിശോധിക്കാന്‍ യു.ആര്‍.എഫിനെയാണ് ഗിന്നസ് സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായിരുന്നു വനിതാ മതിലെന്ന് യൂണിവേഴ്സല്‍ റെക്കാര്‍ഡ്സ് ഫോറം അറിയിച്ചു. യുആര്‍എഫ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഒരാഴ്ചക്കുള്ളില്‍ കൈമാറും.

കാഞ്ഞങ്ങാടിനടുത്ത ചേറ്റുകുണ്ടില്‍ ബി.ജെ.പി.-ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ ഉണങ്ങിയ വയലിന് തീയിട്ട് പുക പടര്‍ത്തിയതിനെത്തുടര്‍ന്ന് അരകിലോമീറ്ററോളം നീളത്തില്‍ വനിതാ മതില്‍ മുറിഞ്ഞു. വനിതകള്‍ക്കൊപ്പം വന്ന സി.പി.എം.പ്രവര്‍ത്തകരുമായി ഇവിടെയുണ്ടായ രൂക്ഷമായ കല്ലേറിലും സംഘര്‍ഷത്തിലും പോലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പോലീസ് മുപ്പതോളം തവണ ഗ്രനേഡ് പ്രയോഗിച്ചും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് കൈത്തോക്കില്‍നിന്ന് വെടിയുതിര്‍ത്തുമാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.

അതേ സമയം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലുണ്ടാകാത്ത വിധം മതിലിനായി ആളെക്കൂട്ടാന്‍ സിപിഎം കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചതു പോലെ ആളെക്കൂട്ടാന് കഴിഞ്ഞില്ല. നഗരപ്രദേശങ്ങളില്‍ മതിലിന് വാഹനങ്ങളില്‍ ആളെ എത്തിച്ചു എങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലേടത്തും ആളെ കിട്ടാതെ മതില്‍ പൊളിയുകയാണുണ്ടായത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. ഔദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു അവസരം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top