തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് തോല്‍വി. ഈ സീസണിലെ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടു വിജയങ്ങളുമായി എലൈറ്റ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്പോഴാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. ജയത്തോടെ മധ്യപ്രദേശിന് ആറ് പോയിന്റ് ലഭിച്ചു.
അവസാന ദിവസം വിജയലക്ഷ്യമായ 192 റണ്‍സ് മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 77 റണ്‍സ് നേടിയ രജത് പാട്ടിഡാറും 48 റണ്‍സോടെ പുറത്താകാതെ നിന്ന ശുഭം ശര്‍മയുമാണ് സന്ദര്‍ശകര്‍ക്ക് വിജയം സമ്മാനിച്ചത്. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രന് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ അവസാന ദിനം രണ്ടു വിക്കറ്റ് മാത്രം കൈവശം വച്ച് ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 455 റണ്‍സിന് പുറത്തായി. 193 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദിന് ഇരട്ട സെഞ്ചുറി നഷ്ടമായത് ദുഃഖമായി. 23 ഫോറുകളും ഒരു സിക്സും അടങ്ങിയതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്.