Breaking News

എം ഐ ഷാനവാസ് എംപിയുടെ ഖബറടക്കം നാളെ

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസിന്റെ ഖബറടക്കം നാളെ നടക്കും. രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയിലാണ് ഖബറടക്കം. ബുധനാഴ്ച ഉച്ചയോടെ വിമാന മാര്‍ഗം കൊച്ചിയിലേക്കു കൊണ്ടു വരുന്ന മൃതദേഹം വൈകീട്ട് മൂന്ന് മണി മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഷാനവാസിന്റെ അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31-നാണു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി. 1972-73 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1987ലും 1991ലും വടക്കേക്കരയിലും 1996ല്‍ പട്ടാമ്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്സഭയിലെത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top