Breaking News

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പി. സായ്‌നാഥ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ പി മോഹനന്‍ ഞായറാഴ്ച രാത്രി കോഴിക്കോട് കടപ്പുറത്ത് (ഫിദല്‍ കാസ്‌ട്രോ നഗര്‍) പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളത്തിന് ഔപചാരികമായി തുടക്കം കുറിച്ചത്. ഇന്ന് രാവിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സായ്‌നാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. 136 വനിതകളും അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കം 623 പേരാണ് സമ്മേളന പ്രതിനിധികള്‍.

നിലവിലെ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീര്‍, സെക്രട്ടറി എം. സ്വരാജ്, ട്രഷറര്‍ പി. ബിജു എന്നിവര്‍ ഈ സമ്മേളനത്തോടെ സ്ഥാനം ഒഴിയുമെന്നാണ് വിവരം. പ്രായപരിധി നാല്‍പ്പതില്‍ നിന്ന് 37 ആക്കിയാല്‍ നേതൃത്വത്തിലെത്താന്‍ സാധ്യതയുള്ള എ.എ.റഹീം, നിതിന്‍ കണിച്ചേരി, വി.പി. റെജീന എന്നിവര്‍ക്ക് സാധ്യത കുറയും. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, മുന്‍ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ഡിവൈഎഫ്‌ഐ കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്റ് എസ്. കെ. സജീഷ് എന്നിവര്‍ നേതൃനിരയിലെത്താനാണ് സാധ്യത.

പ്രസിഡന്റ് എ.എന്‍ ഷംസീറും സെക്രട്ടറി എം. സ്വരാജും എംഎല്‍എമാരായതോടെ മണ്ഡലത്തില്‍ മാത്രമായി അവര്‍ ഒതുങ്ങിയെന്ന പരാതി ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായിരുന്നു. ശബരിമല, പി.കെ. ശശി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ഫിദല്‍കാസ്‌ട്രോ നഗറില്‍ ലക്ഷം യുവജനങ്ങളുടെ റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top