sunday feature

ചെറുപുഴയുടെ കാവലാള്‍

ജോര്‍ജ് മാത്യു

നിഷ്‌കളങ്കമായൊരു പുഞ്ചിരിയാണ് പാലക്കല്‍ കാദര്‍ എന്ന എഴുപതുകാരനെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്നത്. മാലിന്യം നിറഞ്ഞ് വീര്‍പ്പ് മുട്ടുന്ന ചാലിയാര്‍ പുഴയുടെ കൈവഴിയായ ചെറുപുഴയെ ഹൃദയത്തിലാവാഹിക്കുന്ന പ്രകൃതി സ്‌നേഹി. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത കാദര്‍ ജീവനും ജീവിതോപാധിയായ കോഴിക്കോട്ടെ ചെറുപുഴയിലെ മാലിന്യങ്ങള്‍ ദിനംതോറും പെറുക്കിയെടുത്ത് തീരത്തെത്തിച്ച് സംസ്‌കരിക്കുന്നു. ഒരു പുഴയെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നു.

” ഈ പുഴയില്‍ നിന്നാണ് ചെറുപ്പത്തില്‍ വെള്ളം കുടിച്ചിരുന്നത്. അന്നൊക്കെ കണ്ണീരുപോലെ തെളിഞ്ഞതായിരുന്നു പുഴവെള്ളം.” പാലയ്ക്കല്‍ കാദര്‍ പതിഞ്ഞ ശബ്ദത്തില്‍ പറയുമ്പോള്‍ മാവൂരിലെ കുറ്റിക്കടവ് ചെറുപുഴയുടെ മനോഹരമായ നേര്‍ച്ചിത്രം കേള്‍വിക്കാരുടേയും കണ്‍മുന്നില്‍ തെളിയുന്നു.

കുറ്റിക്കടവ് പാലയ്ക്കല്‍ കാദര്‍ രാത്രിയോ പകലോ എന്നൊന്നുല്ലാമില്ലാതെ പണിയെടുക്കുന്ന ചെറുകിട കര്‍ഷകനാണ്. ഇതിന് പുറമേ ചെറുപുഴയില്‍ നിന്നും മീന്‍ പിടിച്ച് കിട്ടുന്ന ചെറിയ തുകയാണ് സമ്പാദ്യം. ” ജീവിതത്തിലെ മറ്റൊരു സമ്പാദ്യം ഒന്‍പത് മക്കളും 19 പേരക്കുട്ടികളുമാണ്. എല്ലാവരും നല്ല നിലയിലാണ്. ഭാര്യ കദിശ ഭര്‍ത്താവിന്റെ പുണ്യപ്രവര്‍ത്തിയാണിതെന്ന് കരുതുന്നു.” വലിയ മനസ്സിന്റെയും കുടുംബത്തിന്റെയും കാരണവരാണെന്ന അഭിമാനത്തോടെയാണ് കാദര്‍ നമ്മുടെ മുന്നില്‍ മനസ്സ് തുറക്കുന്നത്.

പുലര്‍ച്ചെ കാദര്‍ വീട്ടില്‍ നിന്നും ഇറങ്ങും. അപ്പോള്‍ പുഴയിലേക്ക് വെളിച്ചം വീണുതുടങ്ങിയിട്ടേ ഉണ്ടാവുള്ളൂ. ഫൈബര്‍ വള്ളം തുഴഞ്ഞ് , തുണ്ടാടി വല വിരിക്കും. ചിലപ്പോള്‍ വാളയും കടുങ്ങാലിയും മഞ്ഞള ഏട്ടയുമൊക്കെ കുടുങ്ങും. കിട്ടുന്ന ചെറിയ മീനുകളൊക്കെ കാദര്‍ ചെറിയ വള്ളത്തിന്റെ കള്ളികളിലില്‍ നിറയ്ക്കും. പക്ഷെ കാദറിന്റെ കണ്ണ് പിടയ്ക്കുന്ന മീനിലല്ല, പുഴയില്‍ പൊങ്ങിക്കിടക്കുന്ന കുപ്പിവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിലുകളിലോ, ഒഴുകി നടക്കുന്ന പെയിന്റ് പാട്ടയിലോ ആകും. പിന്നെ മീന്‍ പിടുത്തമൊക്കെ മാറ്റിവച്ച് മാലിന്യ ശേഖരണത്തിലാകും കൂടുതല്‍ ശ്രദ്ധ.

” പെരിക്കടവ് പാലത്തില്‍ നിന്ന് വലിയ പഠിപ്പുള്ളവര്‍ പുഴയിലേക്ക് വലിച്ചെറിയുന്നവയാണ് ഇതിലേറെയും. നിങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയാതെ എന്റെ കൈയ്യില്‍ ഏല്‍പ്പിക്കൂ എന്ന് പറഞ്ഞാലും ആരും കേള്‍ക്കില്ല. പ്ലാസ്റ്റിക്ക് മാത്രമല്ല, അറവ് മാലിന്യങ്ങളും വലിച്ചെറിയുന്നത് ചെറുപുഴയിലേക്കാണ്. ” മനസ്സുനൊന്ത് കാദര്‍ പറയുമ്പോള്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും അനുഭവങ്ങള്‍ പാഠപുസ്തകമാക്കിയ ഒരു പച്ചമനുഷ്യന്റെ അറിവാണ് തെളിഞ്ഞു വരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പുഴയില്‍ നിന്ന് കാദര്‍ ശേഖരിച്ചത് 1,480 കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ്. ഇവ കരയ്‌ക്കെത്തിച്ച് പുനരുപയോഗം ചെയ്യുന്നതിനായി പാഴ് വസ്തു വ്യാപാരികളെ ഏല്‍പ്പിക്കും. ജൈവമാലിന്യങ്ങള്‍ പുഴയില്‍ നിന്ന് അകലെയുള്ള സ്ഥലങ്ങളിലെത്തിച്ച് സംസ്‌കരിക്കും.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന സംസ്ഥാനത്തെ മികച്ച പുരസ്‌കാരമായ പിവി തമ്പി മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനാണ് കാദര്‍ കോഴിക്കോട് നിന്ന് എറണാകുളം വൈ.എം.സി.എയിലെത്തിയത്. വരുന്ന വഴിക്ക് കണ്ട ആലുവാപ്പുഴയില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യത്തെക്കുറിച്ചും കാദര്‍ വേവലാതിപ്പെട്ടു. ” ജനങ്ങള്‍ക്കിപ്പോള്‍ തീരെ ബുദ്ധിയില്ല. കുറേ പണം സമ്പാദിച്ചിട്ട് കുറേ രോഗങ്ങള്‍ വിതയ്ക്കുന്ന പരിസ്ഥിതിയുണ്ടാക്കിയിട്ട് എന്താ കാര്യം ? ” ചെറിയ വാക്കുകളിലൂടെ വലിയ ചിന്തകളും ചോദ്യവുമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.

കാദര്‍ പുഴയില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നു

നല്ലൊരു പരിസ്ഥിതി സ്‌നേഹി ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്നാണ് കാദറിന്റെ ജീവിതം വരച്ചുകാട്ടുന്നത്. സമ്പാദിക്കണമെന്ന് കാദറിന് മോഹമൊന്നുമില്ല. നാട്ടുകാരനായ ബൈജുവിന് കിഡ്‌നി മാറ്റിവയ്ക്കാനും ചികിത്സയ്ക്കായുമുള്ള പണത്തിനായി ഈ ചെറിയ മനുഷ്യന്‍ ഒരുപാട് ഓടി നടന്നിരുന്നു. അതൊന്നും മറ്റുള്ളവര്‍ അറിയരുതെന്ന് കാദറിന് നിര്‍ബന്ധമുണ്ട്. വലിയ മനസ്സുള്ള കാദറിന്റെ മക്കളും പിതാവിന് ഒപ്പമാണ്. നാട്ടുകാരനായ എന്‍.കെ ബഷീര്‍ പറഞ്ഞു.

ഒരു പുഴയില്‍ എന്തൊക്കെയാണ് ജനങ്ങള്‍ വലിച്ചെറിയുന്നത്. ചെരിപ്പുകള്‍, പ്ലാസ്റ്റിക് കളിക്കോപ്പുകള്‍, കീടനാശിനിക്കുപ്പികള്‍, പെയിന്റ് ബോട്ടിലുകള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനാവശ്യ വസ്തുക്കള്‍. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നത് മൂലം കിട്ടുന്ന മീനിന്റെ വലിപ്പവും ദിനം പ്രതി കുറഞ്ഞ് വരുന്നു. 2016ല്‍ 800 കിലോ ഗ്രാം സംഭരിച്ച സ്ഥലത്ത് നിന്നും 2017ല്‍ 1200 കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പുഴയില്‍ നിന്ന് ശേഖരിച്ചതോര്‍ക്കണം. അടുത്ത കാലത്തെ വലിയ പ്രളയത്തിന് ശേഷം നമ്മുടെ പുഴകളില്‍ നിന്നുള്ള ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കടലിലേക്കൊഴുകിയെത്തിയതിന്റെ പ്രത്യാഘാതം എന്താകുമന്നെ് കാദര്‍ പുഴയില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഓര്‍മപ്പെടുത്തുന്നു.

” കഴിഞ്ഞ 20 വര്‍ഷമായി കാദര്‍ ഇത് ചെയ്യുന്നത് ആരും പറഞ്ഞിട്ടല്ല. ഒരു പുഴയുടെ തെളിമ കാത്ത് സൂക്ഷിക്കുവാനാണ് കാദറിന്റെ ശ്രമം. ” കാദര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത് കാണുവാനെത്തിയ കാദറിന്റെ നാട്ടുകാരന്‍ പികെ അസീസ് പറഞ്ഞു.

” ചെറുപുഴയില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കുന്നത്. പുഴ മലിനമായാല്‍ നമ്മുടെ കുട്ടികള്‍ കുടിക്കുന്നതും മലിനജലമായിരിക്കും. കേരളത്തില്‍ എല്ലാവരും ഇത് തിരിച്ചറിഞ്ഞ് വേണം ഓരോ പുഴയും സംരക്ഷിക്കാന്‍. ” കാദര്‍ പറയുന്നു.

 

കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് ജേര്‍ണലിസ്റ്റും പരിസ്ഥി പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രസ് സെക്രട്ടറിയുമായിരുന്ന പിവി തമ്പിയുടെ പേരിലുള്ള പരിസ്ഥിതി പുരസ്‌കാരം കാദറിനെ തേടിയെത്തിയതാണ്.

അവാര്‍ഡിനായി അപേക്ഷ സ്വീകരിക്കുന്ന പതിവ് ശൈലിയല്ല സംഘാടകരായ എന്‍വിറോണ്‍മെന്റ് മോണിറ്ററി ഫോറം അവലംബിക്കുന്നത്. യഥാര്‍ഥ പരസ്ഥിതി പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലയിരുത്തി അതിലേറ്റവും മികച്ചവരേയാണ് അതാത് വര്‍ഷം തിരഞ്ഞെടുത്ത് ആദരിക്കുന്നത്. വലിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാധാരണക്കാര്‍ക്കാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.

” പുഴയില്‍ മാലിന്യം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല നീര്‍നായയുടെ ശല്യം വല്ലാതെ കൂടുന്നുണ്ട്. മീനുകളെ കൊന്നുതിന്ന് പുഴയിലാകെ വിലസുകയാണ്. മീന്‍പിടിക്കാനുപയോഗിക്കുന്ന വല കടിച്ച് മുറിക്കുന്നത് മാത്രമല്ല , വലിയ ശല്യമായി മാറുകയാണിപ്പോള്‍ ” – പുഴയിലെ ആവാസ്ഥ വ്യവസ്ഥ തന്നെ വല്ലാതെ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് കാദറിക്കയുടെ പരിസ്ഥിതി നിരീക്ഷണം.

ആരോഗ്യമുള്ളിടത്തോളം കാലം പുഴയെ സംരക്ഷിക്കണമെന്നാണ് കാദറിന്റെ താത്പ്പര്യം. ഒരുപാട് പേര്‍ വിമര്‍ശിക്കുന്നുണ്ട്. ചിലരൊക്കെ അഭിന്ദിക്കും. അതിലൊന്നും കാര്യമില്ല, ഇന്നല്ലെങ്കില്‍ നാളെ പുഴയെ മലിനപ്പെടുത്തരുതെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് ഉണ്ടാവണേയെന്നാണ് കാദര്‍ പടച്ചവനോട് പ്രാര്‍ഥിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top