Kerala

ശബരിമലയില്‍ നാളെ നട തുറക്കും; സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയില്‍ നാളെ വൈകിട്ട് 5ന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. ആട്ട ചിത്തിരയായ ചൊവ്വാഴ്ച രാവിലെ 5ന് നിര്‍മ്മാല്യവും അഭിഷേകവും നടക്കും.

ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയുടെ ഭാഗമായി 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. എസ്‌ഐ,സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക.

എന്നാല്‍ പോലീസിനെ പ്രതിരോധിക്കാന്‍ ശബരിമലയുടെ അടുത്തുള്ള ഓരോ പഞ്ചായത്തുകളില്‍ നിന്നും 50 വയസ് കഴിഞ്ഞ 25 ഓളം മാളികപ്പുറങ്ങളെ അണിനിരത്താനാണ് ബിജെപിയുടെ നീക്കം. അതേസമയം, ദര്‍ശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് ഇതേവരെ ആരുംതന്നെ പോലീസിനെ സമീപിച്ചിട്ടില്ല.

സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്ത് സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തീയതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

എഡിജിപിയുടെ നേതൃത്വത്തില്‍ 2300 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ എന്നാണ് പൊലീസ് നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.

പമ്പ മുതല്‍ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാന്‍ഡോകളടക്കം സായുധ സംഘം ഇവര്‍ക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതല്‍ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാന്‍ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top