Kerala

സര്‍ക്കാരിന് തിരിച്ചടി; ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായനീക്കത്തിനു തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചു.

കോടതിവിധി നടപ്പാക്കുന്നതിനെ കുറിച്ചു ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ കൊട്ടാരം പ്രതിനിധി വിധിക്കെതിരാണു തങ്ങളുടെ നിലപാടെന്നും അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുകയാണ് ആവശ്യമെന്നും കൊട്ടാരവും തന്ത്രിമാരും ഭക്തരുമെല്ലാം ഉണ്ടെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു.

തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസും ചേര്‍ന്നു തിങ്കളാഴ്ച നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായശേഷമേ ചര്‍ച്ച നടത്തുവെന്നു തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു. തിങ്കളാഴ്ചയാണു മുഖ്യമന്ത്രിയും തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.

ശബരിമല വിഷയത്തില്‍ നിലപാടില്‍ അയവുവരുത്തിയ സിപിഎം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനായി തന്ത്രികുടുംബമായും പന്തളം കൊട്ടാരമായും ചര്‍ച്ച നടത്തുന്നതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതു സംബന്ധിച്ച അറിവൊന്നും ലഭിച്ചില്ലെന്നു തന്ത്രി കണ്ഠരര് മോഹനര് പ്രതികരിച്ചു.

അതേസമയം, സുപ്രീംകോടതിവിധിക്കെതിരെ ഇന്ന് പുനപരിശോധനാ ഹര്‍ജികള്‍ നല്‍കുമെന്നാണ് സൂചന. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ല. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങള്‍ ഡിജിപിയുമായിചര്‍ച്ച ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വിധിയുടെ തുടര്‍നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമല വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ തുടരുന്നതിനിടെ ബോര്‍ഡ് പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സംസ്ഥാനത്ത് ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും നാമജപയാത്ര സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധിപേര്‍ പ്രതിഷേധ യാത്രയില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

കോടതിവിധിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധക്കാര്‍ മന്ത്രി ഇ.പി.ജയരാജന്റെ കാര്‍ തടഞ്ഞു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ ഇവിടെ നിന്നും മാറ്റിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഉന്നത നേതാക്കള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ഡല്‍ഹിയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നിവേദനം നല്‍കാനായി ഡല്‍ഹി കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ അകത്തേക്ക് കടത്തിവിടാന്‍ പൊലീസുകാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് മന്ത്രി ഇ.പി.ജയരാജന്‍ വാഹനത്തില്‍ കേരള ഹൗസിലേക്കെത്തിയത്. ഇതോടെ പ്രതിഷേധം ജയാജന്റെ നേര്‍ക്ക് നീണ്ടു. മന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാരില്‍ ചിലര്‍ കാറിന് മുന്നില്‍ കിടക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top