Entertainment

അഭിനയകലയുടെ തിലകക്കുറി മാഞ്ഞിട്ട് 6 വര്‍ഷം

അഭിനയകലയുടെ തിലകക്കുറി മാഞ്ഞിട്ട് ഇന്നേക്ക് 6 വര്‍ഷം. അരങ്ങിലും അഭ്രപാളിയിലുമായി പകര്‍ന്നാടിയ തിലകന്‍ എന്ന അതുല്യനടന്‍ തിരശീലയിലൊതുങ്ങാതെ മലയാളികളുടെ മനസ്സില്‍ ഇന്നും പെരുന്തച്ചനായും കിരീടത്തിലെ അച്ച്യുതന്‍ നായരായും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനായുമൊക്കെ നിറഞ്ഞാടുകയാണ്.

1935 ജൂലായ് 15 നാണ് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്‍ ജനിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ അഭിനയത്തിന്റെ ആദ്യപടിയായി ഇദ്ദേഹം ചവിട്ടി കയറിയത് നാടകത്തിന്റെ തട്ടയിലേക്കാണ്. കൊല്ലം എസ്.എന്‍ കോളേജില്‍ 1956 ല്‍ ഇന്‍ഡര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ നാടകാഭിനയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.

ഉറച്ച മനസ്സോടു കൂടി, അഭിനയാവേശത്താല്‍ മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന്‍ പ്രൊഫഷണല്‍ നാടകവേദിയില്‍ തന്റെ സ്ഥാനം നേടിയെടുത്തത്. പിന്നീട് കേരള പിപ്പീള്‍ ആര്‍ട്‌സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അദ്ദേഹം നാടകത്തിന്റെ ഭാഗമായി മാറി. അരങ്ങില്‍ പല കഥാപാത്രങ്ങളായി തിലകന്‍ പകര്‍ന്നാടുമ്പോള്‍ തന്നെ ആകാശവാണിയില്‍ ശബ്ദം കൊണ്ടും മലയാളിയുടെ മനസ്സില്‍ തന്റെ മെയ്‌വഴക്കം കാണിച്ച് കൊടുക്കാന്‍ അദ്ദേഹം മറന്നില്ല.

മലയാള സിനിമാലോകം ആദ്യമായി തിലകക്കുറിയണിയുന്നത്, 1973 ല്‍ പി.ജെ. ആന്റണി സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയിലൂടെയാണ്. പിന്നീട് ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ തിലകന്‍ വെള്ളിത്തിരയില്‍ തിളങ്ങുകയായിരുന്നു. തിലകന്റെ ‘യവനികയിലെ’ അഭിനയമികവിന് 1982ല്‍ സംസ്ഥാനസര്‍ക്കാര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കി. പിന്നീട് 1985 മുതല്‍ തുടര്‍ച്ചായി നാല് തവണയും മികച്ച സഹനടനുള്ള പുരസ്‌കാരം തിലകനിലേക്ക് എത്തി. യാത്ര, പഞ്ചാഗ്‌നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി എന്നീചിത്രങ്ങളിലൂടെ. 1998ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിലൂടെയും മികച്ച സഹനടനായി. 1990ലാണ് തിലകന്‍ സംസ്ഥാനത്തെ മികച്ച നടനാകുന്നത് – പെരുന്തച്ചനിലൂടെ. കഥാപാത്രത്തില്‍ മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനെന്ന് തെളിയിച്ച തിലകന് 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു.

മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ കോക്കസ് കളിയാണെന്ന് തുറന്ന് പറയാന്‍ മാത്രം ചങ്കുറപ്പുളള നടന്‍ കൂടിയായിരുന്നു തിലകന്‍. പിന്നീട് അമ്മ എന്ന സിനിമസംഘടനയുടെ അലിഖിത വിലക്കിനെയും അദ്ദേഹം സധൈര്യം നേരിട്ടു. പിന്നീടൊരു നീണ്ട കാലയളവിനു ശേഷം രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ വിസ്മയമായ അഭിനയമികവാല്‍ തന്റെ കസേര ഉറപ്പിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ഉറച്ച മനസ്സോടെ, അഭിനയമികവിന്റെ തിലകം ചൂടിയ ഈ നടന്‍ സിനിമാലോകത്തിന് എന്നും തീരാനഷ്ടം തന്നെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top