കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. ബിഷപ്പ് പലപ്പോഴും തങ്ങളെ ആലിംഗനം ചെയ്യുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇക്കാര്യം ഭഗല്‍പ്പൂര്‍ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.
അതിനിടെ, കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ആദ്യം പരാതി നല്കിയ കന്യാസ്ത്രീയുടെ മൊഴി നിരവധി തവണ എടുത്തിട്ടും ബിഷപ്പിനെ ഒരു തവണ മാത്രമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിലെ നടപടികള്‍ വൈകുന്നതില്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ബന്ധുക്കള്‍ പറയുന്നു.