Kerala

കടലിന്റെയല്ല ; ഈ നാടിന്റെ മക്കള്‍ !

സ്വന്തമായി നാവിക സേനയുള്ള സംസ്ഥാനമെന്നാണ് പാതി കളിയായും എന്നാല്‍ മറുപാതി ജീവനോളം കാര്യമായും ഇപ്പോള്‍ മലയാളികള്‍ കേരളത്തെപ്പറ്റി പറയുന്നത്. ഈ നൂറ്റാണ്ട് കണ്ട മഹാ പ്രളയത്തെ അതിജീവിച്ച് കേരളം ആശ്വാസ നെടുവീര്‍പ്പിടുമ്പോള്‍ ഒരു നാടിന്റെയാകെ ഹൃദയം കൊണ്ടുള്ള കൈയടികള്‍ ഏറ്റുവാങ്ങുന്നത് ഇവിടുത്തെ മത്സ്യത്തൊഴിലാളികളാണ്.

ഈ പ്രളയകാലത്തെ മറികടക്കുവാന്‍ അവതരിച്ച സൂപ്പര്‍ ഹീറോകളായി മത്സ്യത്തൊഴിലാളികളെ വാഴ്ത്തുന്നത് വെറുതെയല്ല… കലിതുള്ളി ആര്‍ത്തുപെയ്തിറങ്ങിയ കാലവര്‍ഷം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലേക്ക് കുത്തിയൊലിച്ചപ്പോള്‍ നിരവധി ജീവനുകളാണ്, ജീവിതങ്ങളാണ് പൊലിഞ്ഞത്. രക്ഷാ പ്രവര്‍ത്തനം സമഗ്രമായിരുന്നില്ല എങ്കില്‍ കണക്കുകൂട്ടുവാന്‍ പോലും സാധിക്കാത്ത അത്രയും വലിയ നഷ്ടങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാകേണ്ടി വരുമായിരുന്നു.

സര്‍ക്കാറിന്റേയും ജനങ്ങളുടേയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി നമ്മളീ പ്രളയകാലം നീന്തി കരയടുക്കുമ്പോള്‍ ഒന്ന് ഉറപ്പിച്ച് പറയേണ്ടി വരും, സുരക്ഷാ സേനകള്‍ എല്ലാവിധ സേവനങ്ങളും ഉറപ്പുനല്‍കി മുന്നിലുണ്ടായിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികള്‍, അവരില്ലായിരുന്നുവെങ്കില്‍ ഈ ദുരന്തത്തിന്റെ ഭീകരത ഏറെ മടങ്ങ് വര്‍ധിക്കുമായിരുന്നു. കടലിന്റെ രൗദ്രഭാവങ്ങളോട് പടവെട്ടി തഴക്കം വന്ന അവര്‍ അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ പ്രളയജലത്തില്‍ മുങ്ങിയാണ്ടു പോകുമായിരുന്ന ആയിരക്കണക്കിന് ജീവനുകളാണ്  ജീവിതത്തിന്റെ വെയില്‍ വെളിച്ചത്തിലേക്ക് തിരികെയെത്തിയത്. അതെ മുഖ്യമന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു, കേരളത്തിന്റെ സൈന്യം തന്നെയായി മാറുകയായിരുന്നു ആ മത്സ്യത്തൊഴിലാളികളപ്പോള്‍…

അവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വിദഗ്ധരായിരുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ കരുതേണ്ടിയിരുന്ന സജ്ജീകരണങ്ങളോ സന്നാഹങ്ങളോ അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എങ്കിലും സഹോദരങ്ങളുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല, ഓഖിയെ എതിരിട്ട നെഞ്ചുറപ്പോടെ ജീവന്‍ പോലും വകവെക്കാതെ അവര്‍ക്കു സ്വന്തമായുള്ള വള്ളങ്ങളിലും വഞ്ചികളിലുമായി കരളുറപ്പിന്റെ തുഴയെറിഞ്ഞ് അവര്‍ പാഞ്ഞെത്തി. ആര്‍ക്കും സഹായിക്കാനാകാതെ ഒറ്റപ്പെട്ടുപോയ ജീവിതങ്ങളെ മീന്‍നാറ്റമുള്ള ആ ബോട്ടുകളിലേറ്റി ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി.

സമനിരപ്പായ ഒഴിഞ്ഞ ഭൂമികള്‍ കുറവുള്ള, എങ്ങും മരങ്ങളും വീടുകളും കെട്ടിടങ്ങളും നിറഞ്ഞു നില്‍ക്കുന്ന, അങ്ങനെ സൈന്യത്തിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഏറെ പരിമിതികളുള്ള ഒരു ഭൂപ്രദേശമാണ് നമ്മുടേത്. മരത്തിന്റെ ഒരു കൊമ്പില്‍ ബ്ലേഡ് തട്ടിയാല്‍ അത് ഹെലികോപ്ടറിനെ ബാധിക്കും. നിറയെ കെട്ടിടങ്ങളും അവയുടെ മേല്‍ക്കൂരകളും വേറെ. വലിയ സൈനിക ബോട്ടുകള്‍ക്കും ഇവിടെ കാര്യമായൊന്നും ചെയ്യാനില്ല തന്നെ. അങ്ങനെ നോക്കുമ്പോഴാണ് ഈ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം സമാനതകളില്ലാത്ത ധീരതയാകുന്നത്. എന്നെന്നും ഓര്‍മിക്കപ്പെടേണ്ടുന്ന.., വാഴ്ത്തപ്പെടേണ്ടുന്ന ചരിത്രമാകുന്നത്.

ആ മനുഷ്യരുടെ സേവനത്തിന് മുന്നിലാണ് കേരളജനത നന്ദിയോടെ ഒപ്പം കുറ്റബോധത്തോടെ കൈ കൂപ്പി, തലകുനിച്ച് നില്‍ക്കുന്നത്. ഓഖി തകര്‍ത്തെറിഞ്ഞ അവരുടെ നാടുകളിലേക്ക് നമ്മളിതുവരെ ചെന്നുകയറിയിട്ടില്ല., ഇനി ഫ്രഷ് മീന്‍ കിട്ടില്ലല്ലോ എന്നല്ലാതെ ട്രോളിംഗ് നാളുകളില്‍ കടലോരത്തെ അവരുടെ കുടുംബം എങ്ങനെ കഴിയുന്നു എന്ന് നമ്മളിതുവരെയും ആലോചിച്ചിട്ടില്ല. പക്ഷെ അതൊന്നും അവര്‍ക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. കേരള ജനതയുടെ ഹൃദയങ്ങള്‍ നിറച്ച തോണിയും വലകളുമായി തിരികെമടങ്ങുമ്പോള്‍ അവരുടെ നിസ്തുല സേവനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം പോലും ദുരിതബാധിതര്‍ക്കായി മാറ്റിവച്ച് നമ്മെ വീണ്ടും തോല്‍പ്പിക്കുയാണവര്‍.

അവഗണനകള്‍ മാത്രമേറ്റുവാങ്ങിയ ഒരു ജനതയോടുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍  തിരുത്തുകള്‍ നടത്തേണ്ട സമയമാണിതെന്നു കൂടി ഓര്‍മിപ്പിച്ചാണ് ഈ പ്രളയകാലം കടലിറങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top