Kerala

പിറന്നാള്‍ ആഘോഷം ; ജൂണ്‍ 19ന് മെട്രോയില്‍ ഏവര്‍ക്കും കുമ്മനടിക്കാം ( ഇത് ട്രോളല്ല )

കേരളത്തിനെ, കൊച്ചിയെ വേറെ ലെവലാക്കി മാറ്റിയ കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സു പൂര്‍ത്തിയാവുകയാണ്. പിറന്നാള്‍ ദിവസം മെട്രോയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ യാത്രയാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഭാഷയില്‍ അതായത് ‘കുമ്മനടി’ വാര്‍ഷികാഘോഷത്തില്‍ ‘ കുമ്മനടിച്ചുതന്നെ ഭാഗമാകാം എന്ന്. പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ജൂണ്‍ 19 നാണ് സൗജന്യയാത്രയ്ക്കുള്ള അവസരം ലഭിക്കുക.

2017 ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. അന്ന് പ്രധാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കമുള്ള വിശിഷ്ടാതിഥികള്‍ക്കൊപ്പം അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം വിവാദമായിരുന്നു. ഏത് പ്രോട്ടോക്കോള്‍ പ്രകാരമാണ് അതിഥികള്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന് പങ്കെടുക്കാന്‍ സാധിച്ചതെന്ന് മാധ്യമങ്ങളും നവമാധ്യമങ്ങളും ചര്‍ച്ചയാക്കിയിരുന്നു.

വിളിക്കാതെ കയറിപ്പറ്റിയ കുമ്മനത്തിന്റെ ഈ രീതിക്ക് പിന്നീട് കുമ്മനടി എന്ന പേരു വീഴുകയായിരുന്നു. ഗൂഗിള്‍ മലയാള ഭാഷാ നിഘണ്ടുവില്‍ കുമ്മനം രാജശേഖരന്റെ പേരില്‍ വന്ന ആദ്യത്തെ വാക്കായിയിരുന്നു ഇത്.

പിന്നീട് കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനയ്ക്കു പേരിടാനുള്ള മത്സരത്തില്‍ പോലും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേര് കുമ്മനാന എന്നതായിരുന്നു.

പിന്നീട് കെഎംആര്‍എല്‍ അധികൃതര്‍ മത്സര മാനദണ്ഡത്തില്‍ മാറ്റംവരുത്തി തടിയൂരുകയായിരുന്നു.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, ഇടപ്പള്ളി സ്റ്റേഷനില്‍ പ്രത്യേക ആഘോഷം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10000ത്തോളം വര്‍ധനയുണ്ടായെന്നും നഷ്ടം പകുതിയായി കുറഞ്ഞെന്നും കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയ കൊച്ചി മെട്രോ തീരുമാനത്തെ കുമ്മനടിയുടെ ഓര്‍മ പുതുക്കലായാണ് നവമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top