Latest News

കൊണ്ടും കൊടുത്തും ഒരു മാസം നീണ്ട പ്രചരണം; നിറഞ്ഞ് നിന്നത് മോദിയും രാഹുലും

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പുകമ്മിഷന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നിറഞ്ഞുനിന്ന, മാസങ്ങള്‍ നീണ്ട പ്രചാരണത്തിനാണ് കന്നഡനാട് സാക്ഷ്യംവഹിച്ചത്. കോണ്‍ഗ്രസില്‍നിന്നു അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപിയെങ്കില്‍ അധികാര തുടര്‍ച്ചയ്ക്കായുളള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധി 30 ദിവസമാണ് കര്‍ണാടകയില്‍ പ്രചാരണത്തിനായി ചെലവിട്ടത്. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും പ്രചരണത്തിനായി കര്‍ണാടകയിലെത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പ്രചാരണ രംഗത്ത് ശക്തമായുണ്ടായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖരാണ് ബിജെപിക്കായി പ്രചാരണത്തിന് കര്‍ണാടകയില്‍ എത്തിയത്. പൂര്‍ണമായും മോദിയില്‍ കേന്ദ്രീകൃതമായ പ്രചരണ ശൈലിയായിരുന്നു ബിജെപിയുടേത്.

ദളിത്, ന്യൂനപക്ഷ, പിന്നാക്ക കൂട്ടായ്മകളെ ഒപ്പം കൂട്ടിയാല്‍ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഏതാണ് 39 ശതമാനത്തോളം വരും പിന്നാക്ക സമുദായവോട്ടുകള്‍. അതേസമയം ബി.എസ്.പി. നേതാവ് മായാവതിയെ കൂട്ടിപിടിച്ചാണ് ജനതാദള്‍-എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. അവസാനഘട്ട പ്രചരണത്തില്‍ കോണ്‍ഗ്രസിനെയും നെഹ്രു കുടുംബത്തെയും വരെ വിമര്‍ശിച്ച് വോട്ട് കൂട്ടാന്‍ ബിജെപി ശ്രമം നടത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി സമൂഹമാധ്യമങ്ങളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തിയുളള പ്രചരണത്തിന് ഇരുപാര്‍ട്ടികളും മുന്‍തൂക്കം നല്‍കി എന്നതും ശ്രദ്ധേയമാണ്.

ലിംഗായത്തിന് മതം, കന്നഡ വാദം, സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭരണനേട്ടങ്ങളാണ് ബി.ജെ.പി. പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്, ഒപ്പം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ കണക്കറ്റ് ആരോപണ ശരങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇന്ത്യയില്‍ ആഞ്ഞടിച്ച കാവി പ്രഭാവത്തില്‍ കര്‍ണാടകയും അലിഞ്ഞു ചേരുമോ എന്ന ചോദ്യത്തിനൊപ്പം കോണ്‍ഗ്രസിന്റെ ഭാവി കൂടിയാകും ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കുക. ഒപ്പം മഹാരഥന്‍മാര്‍ ഇരുന്ന കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുലിന് യോജിച്ചതാണോ എന്ന പരോക്ഷ സംശയങ്ങള്‍ക്കും തെരഞ്ഞെടുപ്പ് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top