Keralavision Exclusive

പുകയുന്ന ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം കേരളത്തിലും! രുചിയറിയാനും സെല്‍ഫിയെടുക്കാനും പോകുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍കൂടി അറിയുക

സ്‌മോക്ക് ഐസ്‌ക്രീമിനേപ്പറ്റി കേട്ടിട്ടുണ്ടോ!

കൃത്യമായി പറഞ്ഞാല്‍ ‘ലിക്വിഡ് നൈട്രജന്‍(N2) ഐസ്‌ക്രീം’

കഴിക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും കട്ടിയുളള വെളുത്ത പുക ഉയരുന്നു. ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാന്‍ കിടിലന്‍ ഫോട്ടോ കിട്ടുമെന്ന കാര്യത്തില്‍ നോ ഡൗട്ട്! കേള്‍ക്കുമ്പോള്‍ തന്നെ രസകരമാണല്ലേ..!

സോഷ്യല്‍ മീഡിയയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഈ സ്‌മോക്ക് ഫുഡ്‌സിന്റെ(liquid nitrogen food) ചില പിന്നാമ്പുറക്കഥകള്‍ അറിയാം.

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം

എന്താണ് ലിക്വിഡ് നൈട്രജന്‍?

ഭൂമിയുടെ അന്തരീക്ഷത്തിന്റെ 78 ശതമാനവും നൈട്രജന്‍ ഗ്യാസാണ്. എന്നാല്‍ നൈട്രജന്‍ ഗ്യാസിനെ നിശ്ചിത ഊഷ്മാവില്‍ നിശ്ചിത മര്‍ദം ചെലുത്തി -196 ഡിഗ്രിയില്‍ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുന്നതാണ് നൈട്രജന്‍ ലിക്വിഡ്. ഐസിനേക്കാളും 196 മടങ്ങ് അധിക തണുപ്പ് ! നൈട്രജന്‍ പൂര്‍ണമായും പ്രകൃതിദത്തമാണെങ്കില്‍ ലിക്വിഡ് നൈട്രജന്‍ പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണെന്നതാണ് സവിശേഷത’

ലിക്വിഡ് നൈട്രജന്‍ കൊണ്ടുളള ഉപയോഗങ്ങള്‍ പലതാണ്. കമ്പ്യൂട്ടറില്‍ കൂളന്റായും, പ്രീ കാന്‍സറസ് സെല്ലുകളെ നീക്കം ചെയ്യാനും, ഭക്ഷണം അതിവേഗത്തില്‍ തണുപ്പിക്കാനും വാഹനം ഓടിക്കാന്‍ വരെയും ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നു. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുന്ന ക്രയോണിക്‌സ് എന്ന മെഡിക്കല്‍ പ്രക്രിയയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്. കൂടിയ തണുപ്പുണ്ടെന്ന സവിശേഷതയാണ് മേല്‍പ്പറഞ്ഞവയുടെയെല്ലാം ഉപയോഗത്തിന് ആധാരം.

അതേസമയം ലിക്വിഡ് നൈട്രജന്‍ വായുവുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന പുക അഥവാ നൈട്രജന്‍ ഗ്യാസിനെ, റസ്റ്ററന്റുകള്‍ മറ്റൊരു തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്ന രീതി പണ്ടുമുതല്‍ക്കെയുണ്ട്. പ്രത്യക മണമോ, ഗുണമോ ഇല്ലാത്ത ഈ വാതകത്തെ പുക ഉയരുമ്പോള്‍ ഉണ്ടാകുന്ന പ്രതീതിക്കുവേണ്ടി മാത്രമാണ് ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നത്.

എന്നാല്‍ അതീവ ശ്രദ്ധയോടെ പരിശീലനം ലഭിച്ചവര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ലിക്വിഡ് നൈട്രജന്‍ തെരുവോരങ്ങളിലെ തട്ടുകടകളിലേക്കും വ്യാപിക്കുന്നുവെന്ന വസ്തുതയെ ആശങ്കയോടെ വേണം നോക്കിക്കാണാന്‍. കാരണം നിശ്ചിത അളവ് ലിക്വിഡ് നൈട്രജന്‍ അകത്ത് ചെന്നാല്‍ മിനുട്ടുകള്‍ക്കകം മരണം വരെ സംഭവിച്ചേക്കാം.

ലിക്വിഡ് നൈട്രജന്‍ പ്രധാനമായും അപകടകാരിയാകുന്നത് അതിന്റെ ദ്രാവക രൂപത്തിലാണ്. ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കോനട്ട്‌സ്, മോക്ടെയില്‍സ് തുടങ്ങിയവയില്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത് തരുമ്പോള്‍, ഇത് പൂര്‍ണമായും നൈട്രജന്‍ ഗ്യാസായി പോയതിനു ശേഷമാണോ കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അല്‍പ്പമെങ്കിലും ലിക്വിഡ് നൈട്രജന്‍, കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് കോള്‍ഡ് ബേണ്‍(cold burn) അഥവാ തണുപ്പ് കൂടിയുളള പൊളളലിന് ഇടയാക്കും. അതോടൊപ്പം, അകത്തെത്തുന്ന ലിക്വിഡ് നൈട്രജന്‍, നൈട്രജന്‍ ഗ്യാസായി പുറംതളളുമ്പോള്‍ ഉണ്ടാകുന്ന അമിത പ്രഷര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ഇത്തരത്തില്‍ ആന്തരിക അവയവങ്ങള്‍ പൊളളി നശിച്ച് മരണം വരെ സംഭവിക്കാനും കാരണമാകുന്നു.

ലിക്വിഡ് നൈട്രജന്‍ മോക്ടെയില്‍

മദ്യത്തിനൊപ്പം ലിക്വിഡ് നൈട്രജന്‍ കുടിച്ചയാളുടെ
കുടലില്‍ ദ്വാരം രൂപപ്പെട്ടു

 ഏപ്രില്‍ 13, 2017

ഡല്‍ഹി: കൂടുതല്‍ ലഹരി തേടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡല്‍ഹി ഗുര്‍ഗാവോണ്‍ സ്വദേശിയായ യുവാവ് മദ്യത്തിനൊപ്പം ലിക്വിഡ് നൈട്രജന്‍ കുടിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മുപ്പതുകാരനായ യുവാവ് പബില്‍ എത്തിയത്. എന്നാല്‍ സ്‌മോക്ക് കോക്‌റ്റെയില്‍ പരീക്ഷിച്ച ഇയാള്‍ക്ക് സംഭവിച്ചത് വലിയൊരു ദുരന്തമായിരുന്നു. ഗ്യാസ് മുഴുവന്‍ പോകുന്നതിനു മുമ്പെ ഡ്രിങ്ക് കുടിച്ച ഇയാള്‍ ഉടന്‍ കുഴഞ്ഞുവീണു. അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വയര്‍ സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. വയറില്‍ വലിയൊരു ദ്വാരം ഉണ്ടായതായാണ് കണ്ടെത്തിയത്. കുടല്‍, കരള്‍, വൃക്ക തുടങ്ങിയ എല്ലാ ആന്തരിക അവയവങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)

 

ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത ലിക്വിഡ് നൈട്രജന്‍ മൂലമുണ്ടായ അപകടത്തിന്റെ വാര്‍ത്തയാണിത്. ലിക്വിഡ് നൈട്രജന്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ല എന്നതാണ് ഇയാള്‍ക്ക് അപകടമുണ്ടാന്‍ കാരണം.

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം കേരളത്തില്‍

ഐസ്‌ക്രീം അടക്കമുളള പലതരം ഭക്ഷണ പദാര്‍ത്ഥങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍, കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ എറണാകുളത്തെ കളക്ടറേറ്റിനു സമീപത്തായാണ് ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നിരിക്കുന്നത്. യങ്‌സ്റ്റേഴ്‌സ് അധികമായുളള ഇന്‍ഫോപാര്‍ക്കിനു സമീപത്തായതിനാല്‍ ഇവര്‍ തന്നെയാണ് ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീമിന്റെ പ്രധാന ഉപഭോക്താക്കളും.

മേല്‍പ്പറഞ്ഞ സ്‌മോക് ഐസ്‌ക്രീം രുചിക്കുവാന്‍ കാക്കനാട്ടെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ ഒരു സുഹൃത്ത് പറഞ്ഞത്;

“ഒരു പ്ലാസ്റ്റിക് ഗ്ലാസ് നിറയെ കട്ടി കുറഞ്ഞ ഒരു തരം സ്‌നാക്. കാല്‍ ഭാഗത്തോളം ലിക്വിഡ് നൈട്രജന്‍, ഗ്ലാസിന്റെ അടിയില്‍ കിടന്ന് വെട്ടിവിറക്കുന്നു. വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴുളള കനത്ത കെമിക്കല്‍ റിയാക്ഷനാണ് നടക്കുന്നത്. ഇത് കൊണ്ടുവന്ന് തന്നയാള്‍ ഗ്ലാസിനടിയിലെ ദ്രാവകം കുടിക്കരുതെന്ന് ഒരു മുന്നറിയിപ്പും തന്നു. എന്നാല്‍ നാവിനുണ്ടായ തരിപ്പിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് എന്റെ മുമ്പിലിരുന്ന രണ്ട് പെണ്‍കുട്ടികളെയാണ്. സെല്‍ഫി കൂടുതല്‍ മനോഹരമാക്കുക എന്ന ഒറ്റ ഉദ്യേശത്തില്‍ കൂടുതല്‍ പുക വരാന്‍ ഗ്ലാസിന് അടിയില്‍ നിന്നും കൂടുതല്‍ നൈട്രജന്‍ അടങ്ങിയ സ്‌നാക് കഴിക്കുന്നു. ഡ്രാഗണ്‍ സ്‌മോക് എന്ന് പേരിട്ട് 120 രൂപ നിരക്കില്‍ വില്‍ക്കുന്ന ഈ സ്‌നാക് ഇതിന്റെ മറുവശങ്ങളറിയാതെ കഴിച്ച് സെല്‍ഫിയുമെടുത്ത് അവര്‍ സന്തോഷത്തോടെ മടങ്ങി”

ഡ്രാഗണ്‍ സ്‌മോക്

ഇവിടെയാണ് അപകടമുണ്ടാകാത്ത വിധം ശരിയായ രീതിയിലാണോ ഇതിന്റെ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നതെന്ന് അധികൃതര്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകത. പരിശീലനം ലഭിച്ച ഷെഫുമാര്‍ കൈകാര്യം ചെയ്യേണ്ട ലിക്വിഡ് നൈട്രജന്‍ ഫുഡ്‌സ് മേല്‍പ്പറഞ്ഞിടത്ത് കൈകാര്യം ചെയ്യുന്നത് കൂള്‍ബാറിലെ സപ്ലയറാണ്‌. എന്നാല്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചുളള ഭക്ഷണസാധനങ്ങളുടെ സുരക്ഷയെപ്പറ്റി എറണാകുളത്തെ ഭക്ഷ്യസുരക്ഷ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ ഇതുസംബന്ധിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ കൃതൃമ പുക വരുന്ന ലിക്വിഡ് നൈട്രജന്‍ ഭക്ഷണസാധനങ്ങള്‍ വൈകാതെ തന്നെ കൊച്ചിയിലെ തെരുവോരങ്ങളിലേക്കെത്തുമെന്നും സാരം.

എന്തുകൊണ്ട് പുകയുന്ന ഐസ്‌ക്രീം തേടിപ്പോകുന്നു

വിപണിയിലെത്തുന്ന പുതുമ നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍, അത് എന്തു തന്നെയായാലും പരീക്ഷിക്കാനുളള പ്രവണതയാണ് ഇപ്പോഴത്തെ ഭൂരിഭാഗം യുവത്വത്തിനുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനശാസ്ത്ര വിദഗ്ദ ഡോ.എല്‍സി ഉമ്മന്‍ പറയുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി എന്നതുപോലെ സോഷ്യല്‍ മീഡിയയോടുളള അമിത താല്‍പ്പര്യവും മറ്റൊരു തരത്തില്‍ ലഹരിയായി കണക്കാക്കാം. ബിഹേവിയറല്‍ അഡിക്ഷന്‍(behavioural addiction) എന്ന് വിളിക്കുന്ന ഈ അവസ്ഥയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളോട് അമിത ആവേശം കാണിക്കും. സെല്‍ഫി പോസ്റ്റ് ചെയ്യുമ്പോഴും ലൈക് കിട്ടുമ്പോഴും ലഭിക്കുന്ന നൈമിഷിക സന്തോഷമാണ് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികളിലേക്ക് നയിക്കുന്നതെന്നും ഡോക്ടര്‍ എല്‍സി കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

ഭക്ഷണത്തോടുളള ഇഷ്ടം അതിന്റെ രുചിയിലും ഗുണമേന്മയിലുമാണെന്ന യാഥാര്‍ത്ഥ്യം പൊളിച്ചെഴുതുകയാണ് ഇവിടെ. ഒരുവേള ശരീരത്തിന് അപകടകരമാണെന്നിരിക്കെ കേവലം സെല്‍ഫിക്കുവേണ്ടി മാത്രമാണ് യുവാക്കള്‍ സ്‌മോക്ക് ഐസ്‌ക്രീമുകളും, ലിക്വിഡ് നൈട്രജന്‍ സ്‌നാക്‌സുകളും തേടി പോകുന്നത്. അതോടൊപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ അപകടങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമായി ഉണ്ടെന്നിരിക്കെ ലിക്വിഡ് നൈട്രജന്‍ ഫുഡിന്റെ വില്‍പ്പന സംബന്ധിച്ച് അധികൃതര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ ഒരു മുടിയിഴ ഉണ്ടായാല്‍ പോലും അസ്വസ്ഥരാകുന്ന നമ്മള്‍ കേവലം കൗതുകത്തിനുവേണ്ടി മാത്രം ഇത്തരം ഭക്ഷണങ്ങള്‍ അകത്താക്കുമ്പോള്‍ വിപണി നമ്മളെ നിയന്ത്രിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉത്തരേന്ത്യയിലെ കടകളിലും തെരുവോരങ്ങളിലും അപകടകരമായ സാഹചര്യത്തില്‍ സ്‌മോക്ക് ഫുഡ്‌സ് വില്‍ക്കുന്നു. ലിക്വിഡ് നൈട്രജനില്‍ മുക്കി ബിസ്‌ക്കറ്റ് കഴിക്കുന്ന കുട്ടികളെ വിഡിയോ ദൃശ്യത്തില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top