Home app

മുണ്ട് മുറുക്കലൊക്കെ പൊതുജനങ്ങള്‍ക്ക് ; ഞങ്ങള്‍ക്ക് ശമ്പളവും അലവന്‍സുമൊക്കെ കൃത്യമായി വേണം !

മുണ്ട് മുറുക്കിയുടുക്കുക എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം.., ആര്‍ക്കെങ്കിലും അങ്ങനെ ജീവിച്ചു കാണിക്കുവാന്‍ സാധിക്കുമോ, തിരക്കുകളും ജോലികളും ഒട്ടേറെയുള്ള ജനപ്രതിനിധികള്‍ക്ക് പ്രത്യേകിച്ചും? അതുകൊണ്ട് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതൊക്കെ നല്ലകാര്യം തന്നെ.

ആയിരത്തിന്റെയോ രണ്ടായിരത്തിന്റേയും ചില്ലറ വര്‍ധനവൊന്നുമല്ല, മന്ത്രിമാരുടെ ശമ്പളം അമ്പത്തിരണ്ടായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മൂന്നൂറു രൂപയായും എംഎല്‍എമാരുടെ ശമ്പളം 39,000 രൂപയില്‍ നിന്ന് അറുപത്തിരണ്ടായിരവുമാകുന്ന വലിയ വികസനമാണ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്.

അയല്‍ സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവാണ് സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളമെന്ന പരാതിയെ തുടര്‍ന്നാണ് ശമ്പള പരിഷ്‌കരണത്തിനായി കമ്മീഷനെ നിയമിക്കുന്നത്. നിയമസഭാ സാമാജികരുടെ ശമ്പളം അലവന്‍സുകളടക്കം ഇരട്ടിയോളം വര്‍ദ്ധിപ്പിക്കാനാണ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമാക്കാനായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ ഇത്രയും വലിയ വര്‍ധനവ് ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും നിയമസഭാ സാമാജികരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരില്‍ ചില്ലറ അനിഷ്ടങ്ങളൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. അതിന് കാരണങ്ങള്‍ ഏറെയുണ്ട്. പ്രത്യേക കോഴ്‌സ് പഠിച്ച് ജയിക്കേണ്ടതില്ലാത്ത, നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത, അനുഭവസമ്പത്ത് പരിഗണിക്കാത്ത വേറേയേത് തൊഴില്‍ മേഖലയാണുള്ളത്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുതില്‍ നിന്നും തങ്ങള്‍ നല്‍കുന്ന നികുതി തുക ഇങ്ങനെ തേച്ചുമിനുക്കിയ വസ്ത്രങ്ങളിട്ട് പ്രസംഗിച്ച് നടക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കുവാനാണോ എന്ന സാധാരണക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ടതുണ്ട്.

ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ തന്നെ ജയിച്ച് ഏതെങ്കിലുമൊരു തൊഴിലില്‍ പ്രവേശിക്കുന്ന ഒരുവന് / ഒരുവള്‍ക്ക് തുടക്കക്കാരെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് കൂടി ഇതിനോടൊപ്പം ചേര്‍ത്തുവച്ചാലേ ചിത്രം പൂര്‍ണമാകൂ. പതിനായിരത്തില്‍ താഴെ രൂപ മാത്രമാണ് ഭൂരിഭാഗം തൊഴിലന്വേഷകര്‍ക്കും തുടക്കകാലത്ത് കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന ശമ്പളം. അവിടെ നിന്ന് അഞ്ചക്ക ശമ്പളത്തിലേക്കെത്തിക്കുവാന്‍ അവര്‍ തങ്ങളുടെ ബയോഡാറ്റായില്‍ പിന്നേയുമേറെ മികവും അനുഭവസമ്പത്തും കൂട്ടിച്ചേര്‍ക്കണം. മെച്ചപ്പെട്ട ഒരു ശമ്പളത്തിലേക്കെത്തുമ്പോള്‍ ജീവിതത്തിന്റെ നല്ലകാലം അവിടെ തീര്‍ന്നും കാണും.

അത്തരത്തില്‍ ശമ്പളദാരിദ്ര്യത്തില്‍പ്പെട്ട് ഒരു തലമുറയാകെ ഉഴറുമ്പോഴാണ് , മറ്റുതൊഴില്‍ മേഖലകളില്‍ മിനിമം വേതനമുറപ്പുവരുത്തുക എന്നത് വെറും കിനാവായി അവശേഷിക്കുന്ന ഒരു നാട്ടിലാണ് സാമാജികരുടെ വേതനം കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ യാത്രാച്ചിലവിനും തന്റെയും കുടുംബക്കാരുടേയും ആശുപത്രിച്ചിലവിനുമൊക്കെയായി ലക്ഷങ്ങളാണ് ജനപ്രതിനിധികള്‍ സര്‍ക്കാറില്‍ നിന്നും ഈടാക്കുന്നത്. ഇതിന്റെ കൂടെയാണ് ഇപ്പോള്‍ നടത്താന്‍ പോകുന്ന ഇരട്ടിയോളം വരുന്ന ശമ്പള വര്‍ദ്ധനവും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബില്ല് നിയമസഭയിലെത്തുമ്പോള്‍ മുന്നണി തര്‍ക്കങ്ങളില്ലാതെ ഏകാഭിപ്രായത്തോടെ പാസ്സാക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട….

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top