തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയതാരം സി.കെ. വിനീത് സെക്രട്ടേറിയേറ്റില്‍ ജോലിയ്ക്ക് പ്രവേശിച്ചു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. നേരത്തെ വിനീതിന് ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലായിരുന്നു പുതിയ ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ദേശീയ ടീമില്‍ ഇടം നേടുകയും ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം കൃത്യമായി ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്പോട്സ് ക്വാട്ടയില്‍ ജോലി നേടിയിട്ടും ഏജീസ് ഓഫീസ് വിനീതിന് ആ പരിഗണന നല്‍കിയിരുന്നില്ല.