Home app

ടി തോമസ് വിടവാങ്ങി

ആഗോള കോര്‍പറേറ്റ് മേഖലയിലെ ഇന്ത്യന്‍ ഇതിഹാസമായിരുന്നു ടി തോമസ്. വന്‍കിട കോര്‍പറേറ്റ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ചെയര്‍മാനാകുമ്പോള്‍ തോമസിന് പ്രായം 45 വയസ്സുമാത്രമായിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം ലണ്ടന്‍ ആസ്ഥാനമായ യൂണിലിവറിന്റെ ബോര്‍ഡ് അംഗമായപ്പോള്‍ ആ പദവിയിലെത്തിയ യൂറോപ്യന്‍ വംശജനല്ലാത്ത ആദ്യ വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച തൊണ്ണൂറുകാരനായ ടി തോമസ്.

കോഴഞ്ചേരിയിലെ സാധാരണ കുടുംബമായ ‘ കോലത്ത് ‘ നിന്നും ജീവിതം കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിച്ച അനുഭവമാണ് ഇദ്ദേഹത്തിന്റേത്. അകാലത്തില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ യാതൊരു വരുമാനവുമില്ലാത്ത അമ്മയും ആറ് സഹോദരങ്ങളും എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വഴിമുട്ടി നിന്നു. എങ്കിലും പഠനമുപേക്ഷിച്ചില്ല. ഒടുവില്‍ ബോംബെയില്‍ ചെറിയൊരു ജോലി സമ്പാദിച്ച് വലിയ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം തോമസ് ചുമലിലേറ്റി.

ബോംബെയിലെ ചെറിയ ജോലിയില്‍ നിന്ന് 1954ല്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ കേന്ദ്ര ഓഫീസില്‍ വര്‍ക്ക് സ്റ്റഡി എഞ്ചിനീയറായി ജോലിക്ക് കയറി. അവധിയിലായിരുന്ന ബ്രിട്ടീഷ് ഓഫീസറെ കടത്തിവെട്ടിയായിരുന്നു തോമസിന്റെ പ്രവര്‍ത്തനം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ യൂണിലിവര്‍ കമ്പനി വിവിധ തസ്തികകളില്‍ നിയമനം നല്‍കി പ്രോത്സാഹിപ്പിച്ചു.

1973ല്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ചെയര്‍മാനായ ഈ മലയാളിയെ കോര്‍പറേറ്റ് ലോകം പിന്നീടങ്ങോട്ട് ആദരവോടെയാണ് നോക്കിക്കണ്ടത്. ഉന്നത പദവിയിലിരിക്കുമ്പോഴും സാധാരണ കമ്പനി തലപ്പത്തുള്ളവര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം അദ്ദേഹം പിന്തുടര്‍ന്നിരുന്നു. എല്ലാ കടകളിലും മാര്‍ക്കറ്റിലും കയറിയിറങ്ങി ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങളുടേയും മറ്റു കമ്പനികളുടെ ഉത്പന്നങ്ങളുടേയും മാര്‍ക്കറ്റ് എങ്ങനെയുണ്ടെന്ന് നേരിട്ടറിയും.

തന്റെ കമ്പനിയിലെ കീഴുദ്യോഗസ്ഥന്മാര്‍ വിപണിയെക്കുറിച്ച് വിശദീകരിക്കുന്നത് അപ്പാടെ വിശ്വസിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയുടെ ഡീലര്‍മാര്‍ക്ക് മികച്ച മാര്‍ജിന്‍ നല്‍കുന്നതിലും ഓഹരി ഉടമകള്‍ക്ക് ആദായം നല്‍കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. യൂണിലിവറിന്റെ ഡയറക്ടര്‍ പദവിയിലെത്തിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയെന്ന നിലയിലാവും ഇനിയുള്ള കാലം കോര്‍പറേറ്റ് ലോകത്തില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുന്നത്. അതില്‍ എല്ലാ മലയാളിക്കും അഭിമാനിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top