Cricket

ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര; ചരിത്രം കുറിച്ച് ടീം ഇന്ത്യ

പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‌സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‌സിന് എല്ലാവരും പുറത്തായി. സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയുടെയും നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 274 റണ്‍സില്‍ ഒതുങ്ങി. രോഹിത് ശര്‍മ(115)യുടെ സെഞ്ചുറി മികവില്‍ കുതിച്ച ഇന്ത്യ പക്ഷേ, രോഹിത് പുറത്തായശേഷം ലുംഗി എന്‍ഗിഡിയുടെ പേസിനു മുന്നില്‍ തകരുകയായിരുന്നു. രോഹിതും ധവാനും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനു മികച്ച തുടക്കം നല്‍കിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യന്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെ റബാഡയുടെ പന്തില്‍ പുള്‍ഷോട്ടിനു ശ്രമിച്ച ധവാന്‍(34) ഫെലുക്വോയ്ക്കു ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ കോഹ്ലിയും രോഹിതും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി മര്‍ക്രാം-അംല സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നില്‍ക്കവേ 32 റണ്‍സെടുത്ത മര്‍ക്രാമിനെ ബൂംമ്ര പുറത്താക്കി. പാണ്ഡ്യയുടെ പന്തില്‍ ഡുമിനിയും(1) ഡിവിലിയേഴ്‌സും(6) അടുത്തടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. പിന്നാലെ 71 റണ്‍സുമായി അംലയും റണ്ണൊന്നുമെടുക്കാതെ പെലൂക്വായോയും മടങ്ങിയതോടെ പ്രോട്ടീസ് വീണ്ടും പ്രതിരോധത്തിലായി. അതേസമയം ഒരറ്റത്ത് നാലാം ഏകദിനം ഓര്‍മ്മിപ്പിച്ച് ക്ലാസന്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്നു.

അവസാന വിക്കറ്റായി ഒരു റണ്ണെടുത്ത് മോര്‍ക്കല്‍ ചഹലിന് കീഴടങ്ങിയതോടെ വിജയവും പരമ്പരയും ഇന്ത്യയ്ക്ക്. ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, ചഹല്‍ എന്നിവര്‍ രണ്ടും ബൂംമ്ര ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാലും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top