Home app

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ല ; ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തിയത്. ചീഫ് ജസ്റ്റിസിനെതിരായുള്ള പരസ്യ പ്രതിഷേധമാണ് വാര്‍ത്താ സമ്മേളനത്തിലൂടെ രാജ്യം കണ്ടത്. ഇന്ത്യന്‍ നീതിന്യായ വ്യവയിലെ അത്യപൂര്‍വ സംഭവമാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറിയത്.

സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് നാല് ജഡ്ജിമാര്‍ ഉന്നയിച്ചത്. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. ഈ സാഹചര്യമാണ് സുപ്രീംകോടതിയില്‍ നിലവില്‍ നിലനില്‍ക്കുന്നത്. അതിനാലാണ് ജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചതെന്ന ആമുഖത്തോടെയാണ് ജഡ്ജിമാര്‍ തുടങ്ങിയത്. വിവിധ വിഷയങ്ങളിലുള്ള എതിര്‍പ്പ് ചീഫ് ജസ്റ്റീസിനെ പലഘട്ടങ്ങളിലായി അറിയിച്ചിരുന്നുവെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പുകള്‍ അറിയിച്ചെങ്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല. 15-20 വര്‍ഷം കഴിയുമ്പോള്‍ തങ്ങള്‍ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്ന പഴി കേള്‍ക്കേണ്ടതില്ലല്ലോ എന്നോര്‍ത്താണ് കാര്യങ്ങള്‍ ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ജഡ്ജിമാര്‍ വിശദീകരിച്ചു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നത്. കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. അമിത് ഷായ്ക്ക് അനുകൂല വിധിപറയാന്‍ 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലമേറിയത്. കേസി ഷായ്‌ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ജസ്റ്റിസ് ലോയ 2014ലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകള്‍. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top