വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍. ജംഷഡ്പുരിലെ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന് മാനേജരുമായ മുപ്പതുവയസ്സുകാരി ചയനിക കുമാരിയാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു.
ജാര്‍ഖണ്ഡിലെ ബിസ്താപുരിലെ ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന് പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്.
ചയനികയും ഡോക്ടറും കുറച്ചുനാളായി അടുപ്പത്തിലായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തെളിവ് ശേഖരിച്ചു. ഡോ. മിര്‍സയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.