Home app

പുതിയ കെപിസിസി യോഗം നാളെ തിരുവനന്തപുരത്ത്

പുതിയ കെപിസിസി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. പന്തളത്ത് അനിതയ്ക്കു പകരം സരോജിനി ബാലനും ചവറയില്‍ ബിന്ദു ജയനു പകരം കെ.സുരേഷ് ബാബുവും കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 304 പേരടങ്ങിയ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 136 പേര്‍ എ വിഭാഗത്തില്‍ നിന്നും 22 പേര്‍ നിഷ്പക്ഷരുമാണ്.45ല്‍ താഴെ പ്രായമുള്ള 45 പേര്‍ പട്ടികയിലുണ്ട്. 28 വനിതകള്‍, മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി ഉള്‍പ്പെടെ 18 പട്ടികവിഭാഗ പ്രതിധികള്‍. 282 അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഇവരെ പിസിസി പ്രസിഡന്റിനു നാമനിര്‍ദേശം ചെയ്യാം. ശശി തരൂര്‍ എംപി (പട്ടം) പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നിര്‍ദേശമനുസരിച്ച് അദ്ദേഹം തുടരും. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എഴുകോണില്‍ നിന്നു പിസിസി അംഗമാകും. കൊടിക്കുന്നില്‍ സുരേഷ് എംപി, വി.എം.സുധീരന്‍ എന്നിവരുടെ ഏതാനും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി. എംപിമാരായ കെ.സി.വേണുഗോപാല്‍ പയ്യന്നൂരില്‍നിന്നും എം.കെ.രാഘവന്‍ മാടായിയില്‍ നിന്നും എത്തും.

ഗ്രൂപ്പുകള്‍ തമ്മില്‍ തീരുമാനമെടുത്തതിനുശേഷം സമര്‍പ്പിച്ച പട്ടികയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്നാണ് പരാതി ഉയര്‍ന്നത്.ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടക്കാന്‍ താല്‍പര്യപ്പെടുന്ന രാഹുല്‍ ഗാന്ധിയും നിലപാട് കര്‍ശനമാക്കിയതോടെ പട്ടിക മാറ്റിയെഴുതേണ്ട അവസ്ഥയായി. ഒട്ടേറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണു പരാതികള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടുകൊണ്ടുള്ള പട്ടികയ്ക്ക് രൂപമായത്. പട്ടികയില്‍ മാറ്റം വരുത്തണമെന്നു ഗ്രൂപ്പുകളെ ബോധ്യപ്പെടുത്തുന്നതില്‍ എ.കെ.ആന്റണി നിര്‍ണായക പങ്കുവഹിച്ചു. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചകളിലാണു ശേഷിക്കുന്ന തര്‍ക്കങ്ങള്‍ക്കു പരിഹാരമായി പിന്നീടു പിസിസി പ്രസിഡന്റ് നാമനിര്‍ദേശം നടത്തട്ടെയെന്ന നിര്‍ദേശം ഉരുത്തിരിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top