ഇളനീര്‍ സോഡയ്ക്കു പിന്നാലെ ഇളനീര്‍ പാനീയവും വരുന്നു. ഇളനീരിനുപുറമെ തേങ്ങാവെള്ളവും പാനീയമായി ഉപയോഗിക്കാം. കാസര്‍കോട് സി.പി.സി.ആര്‍.ഐ. കൃഷിവിജ്ഞാനകേന്ദ്രമാണ് ഈ പാനീയം നിര്‍മിക്കുന്നതിന് പിന്നില്‍. രുചിയുണ്ടാക്കാന്‍ പൈനാപ്പിള്‍, നാരങ്ങ മുതലായവയുടെ സത്തും ചേര്‍ക്കും. കെ.വി.കെ.യിലെ ശാസ്ത്രജ്ഞ ഡോ. നിലോഫറാണ് ഇത് വികസിപ്പിച്ചത്. ഇളനീര്‍ സോഡ തയ്യാറാക്കിയതും ഇവരുടെ നേതൃത്വത്തിലായിരുന്നു.
എട്ടുമാസം മൂപ്പുള്ള കരിക്കില്‍നിന്നുള്ള വെള്ളവും 12 മാസം മൂപ്പുള്ള തേങ്ങയുടെ വെള്ളവും ഉപയോഗിക്കാമെന്നതാണ് ഈ പാനീയത്തിന്റെ പ്രത്യേകത. സി.പി.സി.ആര്‍.ഐ.യില്‍ നിലവില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തയ്യാറാക്കുന്നുണ്ട്. 12 മാസം മൂപ്പുള്ള തേങ്ങയാണ് ഇതിനുപയോഗിക്കുന്നത്. ഇതിലെ വെള്ളം ഉപയോഗിക്കാതെ കളയുകയാണ് പതിവ്. ഈ തേങ്ങാവെള്ളം പാനീയത്തിനുപയോഗിക്കാം.
കുപ്പിയിലോ പായ്ക്കറ്റിലോ ആക്കിയാല്‍ മൂന്നുമാസം വരെ കേടുകൂടാതെയിരിക്കുമെന്ന് ഡോ. നിലോഫര്‍ പറഞ്ഞു. ഡിസംബറില്‍ വിപണിയിലെത്തിക്കാനാണ് നീക്കം. സ്വയംതൊഴില്‍ സംരംഭകര്‍ക്കും ഇത് പ്രയോജനപ്പെടും. സി.പി.സി.ആര്‍.ഐ. വിജ്ഞാന്‍ കേന്ദ്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പലരും ഇളനീര്‍ സോഡ ഇപ്പോള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇളനീരില്‍ കാര്‍ബണേറ്റ് കലര്‍ത്തിയാണ് സോഡ തയ്യാറാക്കുന്നത്. പഞ്ചസാരയ്ക്ക് പകരം ഗ്ലൂക്കോസ് പൊടി ഉപയോഗിക്കുന്നു.
പല തെങ്ങുകളില്‍ നിന്ന് ലഭിക്കുന്ന ഇളനീരിന്റെ പലവിധ രുചി മാറ്റാനാണ് ഗ്ലൂക്കോസ് ചേര്‍ക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയിലാക്കിയ ഈ പാനീയം അന്തരീക്ഷതാപനിലയില്‍ രണ്ടുമാസം കേടുകൂടാതെയിരിക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ നാലുമാസം വരെയും.