Home app

ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തിന് സമന്‍സ് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യാജരേഖ സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പോലീസ് മേധാവി സ്ഥാനത്തുനിന്ന് ഇടതുസര്‍ക്കാര്‍ നീക്കിയതിനെത്തുടര്‍ന്ന് 2016 ജൂണ്‍ ഒന്നുമുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കാന്‍ ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു. പിന്നീട് തന്റെ അര്‍ധവേതന അവധി, പരിവര്‍ത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം അപേക്ഷ നല്‍കി. ഇതിനൊപ്പം നല്‍കിയ മെഡിക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് വിജിലന്‍സിനുലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്. ഇങ്ങനെ സര്‍ക്കാരില്‍നിന്ന് ലക്ഷക്കണക്കിനുരൂപ അനധികൃതമായി നേടിയെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതില്‍ കഴമ്പുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും സെന്‍കുമാറിനെതിരെയുണ്ട്. ഈ കേസില്‍ സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി അദ്ദേഹത്തെ ജാമ്യത്തില്‍വിട്ടിരുന്നു.
സെന്‍കുമാറിനെ നേരത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. നിയമയുദ്ധം നടത്തി സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തോടെ അദ്ദേഹം പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് വ്യാജരേഖ കേസ് അടക്കമുള്ളവ അദ്ദേഹത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top