പുകവലിയെ തുടര്‍ന്ന് ക്യാന്‍സര്‍ വന്ന യുവാവ് പുകവലിയ്ക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിയ്ക്കാന്‍ പഠിപ്പിച്ച സുഹൃത്ത് ഇനായത്തിനെ വെടിവെച്ച് കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതാണ് പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് മുസ്തകീം പൊലീസിനു മൊഴി നല്കി.
മുസ്തകീമിന്റെ സഹോദരി ഭര്‍ത്താവിന്റെ ഹോട്ടിലിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഉടമസ്ഥന് കൂടുതല്‍ പ്രിയം ഇനായത്തിനോടായിരുന്നു. ഇതും ഇനായത്തിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ മുസ്തകീമിന് പ്രേരണയായെന്ന് പൊലീസ് പറഞ്ഞു. സിഗരറ്റ് വലിയും കഞ്ചാവ് ഉപയോഗവും തുടങ്ങിയത് ഇനായത്തിന്റെ സ്വാധീനത്തിലാണെന്ന് മുസ്തകീം പൊലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മുസ്തകീമിനെ അടുത്തിടെ പുറത്താക്കിയിരുന്നു. ഇതിനിടെയാണ് തൊണ്ടയില്‍ ക്യാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ മുസ്തകീമിനോട് പറയുന്നത്. ഇത് രണ്ടും പ്രതിയെ കടുത്ത നിരാശയിലാക്കി. തുടര്‍ന്ന് സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി തോക്കും വെടിയുണ്ടയും സംഘടിപ്പിച്ചാണ് മുസ്തകീം സുഹൃത്തിനെ വെടിവെച്ചത്.