ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ല. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുമ്പ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഒപ്പം പെണ്‍കുട്ടിയെ ക്രൂശിക്കരുത് താനാണ് അവളുടെ കാമുകന് എന്ന് പറഞ്ഞ് യുവാവും രംഗത്തെത്തിയിരുന്നു.