Breaking News

നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ(76) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നു. മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓര്‍മ്മയാകുന്നത്.

കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠനം. പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

പഠന ശേഷം കോഴിക്കോട് കല്ലായിയില്‍ മരം അളക്കല്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനൊപ്പം അദ്ദേഹം നാടകത്തിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1979ലായിരുന്നു ഇത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. സന്ത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങി പുതുതലമുറയിലെ സംവിധായകരുടെ വരെ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ മാമുക്കോയ എത്തി.

മലയാളി എക്കാലവും ഓര്‍മ്മിക്കുന്ന ഗഫൂര്‍ക്കാ ദോസ്ത്, കീലേരി അച്ചു തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. യി (ഇന്നത്തെ ചിന്താവിഷയം).

വാർത്തകൾ വാട്സാപ്പിൽ ഉടനടി ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top