Breaking News

ചിരി നിറച്ച നടൻ, പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെൻറ് എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി; നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതി സ്വന്തം ജീവിതംകൊണ്ട് ഇന്നസെന്റ് മാതൃക കാട്ടിയെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി:അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെൻറ് എന്നെന്നും ഓർമ്മിക്കപ്പെടും. പ്രേക്ഷകരുടെ ജീവിതത്തില്‍ നർമ്മം നിറച്ചതിന് അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് ട്വീറ്റില്‍ കുറിച്ചു.

സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് പ്രേക്ഷകസമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹിക ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകളെടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.

“ചലച്ചിത്രമേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവനടനായും ഹാസ്യനടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷമനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഭ്യർഥനപ്രകാരം ലോക്‌സഭാ സ്ഥാനാർഥിയായതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാനനിമിഷംവരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതംകൊണ്ട് കാട്ടിയത്. രോഗമെന്ന് കേൾക്കുന്ന മാത്രയിൽത്തന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തിജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമമധുരമായ വാക്കുകൾകൊണ്ടും പെരുമാറ്റംകൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്രകലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാംവിധം നയിച്ചു.

“നമ്മുടെ കലാസാംസ്കാരികരംഗങ്ങൾക്കും പൊതു രാഷ്ട്രീയരംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗംമൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.” -സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top