Breaking News

തുറമുഖത്തിന്‍റെ പുതിയ ടീസറെത്തി; റിലീസ് മാര്‍ച്ച് 10ന്

നിവിൻ  പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മാർച്ച് 10ന് തിയറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രേക്ഷകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി.  ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

പുതിയ കൊച്ചി തുറമുഖം  നിർമിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.  പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. 

തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും  അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് സിനിമ പറയുന്നത്.

നിവിന്‍ പോളി,  ജോജു  ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.  

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top