Breaking News

കാമുകിയെ നടുറോഡിൽ വച്ച് തല്ലി; യുവാവിനെ പിടിച്ചുനിര്‍ത്തി മാപ്പു പറയാനാവശ്യപ്പെട്ട് നടന്‍; വിഡിയോ വൈറല്‍

കാമുകിയെ മര്‍ദിച്ച യുവാവിനോട് നടുറോഡിൽ ക്ഷുഭിതനായി തെലുങ്ക് നടന്‍ നാഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് സംഭവമുണ്ടായത്.താരം റോഡിലൂടെ പോകുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയെ യുവാവ് തല്ലുന്നത് കാണുന്നത്. ഇത് കണ്ട് യുവാവിന്റെ അടുത്തേക്ക് ചെന്ന നാഗശൗര്യ മാപ്പു പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീ‍ഡിയയില്‍ വൈറലാവുകയാണ്.

യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത്. ഇതുകേള്‍ക്കാതെ നടന്നു നീങ്ങിയ യുവാവിന്റെ കൈയില്‍ പിടിച്ച്‌ താരം മാപ്പു പറയാന്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് തന്റെ കാമുകിയാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതു കേട്ട് ക്ഷുഭിതനായ താരം എന്തിനാണ് യുവതിയെ റോഡില്‍ വച്ച്‌ തല്ലിയതെന്ന് ചോദിച്ചു. അവള്‍ നിന്റെ കാമുകിയായിരിക്കാം, എന്നാല്‍ അതുകൊണ്ട് അയാളോട് മോശമായി പെരുമാറാമെന്ന് കരുതരുതെന്നും പറഞ്ഞു. അടിച്ചതിന് മാപ്പു പറയാനും ആവശ്യപ്പെടുകയായിരുന്നു.

സംഭവം കണ്ട് സ്ഥലത്തെത്തിയ മറ്റുള്ളവരും യുവതിയോട് മാപ്പുപറയണമെന്ന് യുവാവിനോടാവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. നിരവധി പേരാണ് നാഗശൗര്യയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. മനുഷ്യത്വമാണ് നാഗശൗര്യ കാണിച്ചതെന്നും കൂടുതല്‍ അഭിനേതാക്കള്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തണമെന്നുമാണ് കമന്റുകള്‍. എന്നാല്‍ ഒരു വിഭാഗം വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. പുതിയ ചിത്രമായ ഫലാന അബ്ബായി ഫലാന അമ്മായി പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top