Breaking News

അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി; വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ലോ കോളജ് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ലോ കോളജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. 

പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നല്‍കാനായി അപര്‍ണയുടെ അടുത്തെത്തിയ വിദ്യാര്‍ത്ഥി താരത്തിന്റെ കയ്യില്‍ കടന്നു പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. തോളില്‍ കയ്യിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയ അപര്‍ണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാര്‍ത്ഥി വീണ്ടും അപര്‍ണയുടെ അടുത്തെത്തി കൈകൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ പ്രതികരണവുമായി അപര്‍ണ തന്നെ രംഗത്തെത്തി. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. ‘കൈപിടിച്ച്‌ എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി’- അപര്‍ണ പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top