80-ാം വയസിൽ 18-ാമത് ടാറ്റ മുംബൈ മാരത്തണിൽ ഓടി കയറി ഭാരതി. സാരിയുടുത്ത് ത്രിവർണ പതാകയും കൈലേന്തി ഓടി എത്തിയെത്തിയ ഭാരതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചെറുമകൾ ഡിംപിൾ മേഹ്ത ഫെർണാണ്ടസ് പങ്കുവെച്ചതോടെ വളരെ വേഗം പ്രചരിച്ചു.
നിരവധി പേരാണ് ഭാരതി മുത്തശ്ശിക്ക് ആശംസകളുമായി രംഗത്തെത്തിയത്.മുതിർന്നവരും കുട്ടികളും വൈകല്യമുള്ളവരുമുൾപ്പെടെ 55,000 പേരാണ് മാരത്തണിൽ പങ്കെടുത്തത്. 51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി ഓടി എത്തിയത്. ‘ഞായറാഴ്ച നടന്ന ടാറ്റ മാരത്തണിൽ എൺപതുകാരിയായ എന്റെ മുത്തശ്ശി പങ്കെടുത്തത് എല്ലാവർക്കും പ്രചോദനമാകട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഡിംപിൾ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇത് അഞ്ചാം തവണയാണ് ഭാരതി മാരത്തണിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും മാരത്തണിൽ പങ്കെടുക്കുന്നതിന് പരിശീലിക്കാറുണ്ടെന്നും ഭാരതി പറഞ്ഞു. എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിലേന്തിയെന്ന ചോദ്യത്തിന് ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി.