Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു

Photo: Twitter.com/KewaldhillionPB

പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു – ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.’’ – മോദി ട്വിറ്ററിൽ കുറിച്ചു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകള്‍ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്‌നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപ് മോദി, അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ൽ യുഎസ് സന്ദർശന വേളയിൽ, ഫെയ്‌സ്ബുക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി‌. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കൽ മാത്രമാണ് അമ്മ ഹീരാബെൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ൽ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീൽചെയറിൽ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറിൽ, പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവർ എടിഎം ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപും മോദി അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടി. ആ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹീരാബെൻ, തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ വിജയം നേടിയ ശേഷം തന്റെ വീടിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top