Breaking News

കോലി കരുത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ, ആവേശജയം

Photo:Twitter/ICC

മെൽബൺ: ട്വൻറി ട്വൻറി ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവസാന ഓവറിൽ നാടകീയ ജയം. 160 റൺ വിജയലക്ഷ്യത്തിൽ എത്തിയത് അവസാന പന്തിൽ. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ആവേശജയം. 82 റൺസ് എടുത്ത് വിജയശിൽപിയായത് വിരാട് കോലിയാണ്. ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത് ഹാർദിക് പാണ്ഡേയുടെ കൂടെ ബാറ്റിംഗ് മികവിലാണ്. ഹാർദിക് 37 പന്തിൽ 40 റൺസും, 4 ഓവറിൽ 30 റൺസിനു 3 വിക്കറ്റും സ്വന്തമാക്കി. കൂടെ ടി20 ക്രിക്കറ്റിൽ 1000 റൺസ് 50 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഹാർദിക് നേടി.

പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.”

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു.

രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പില്‍ നിന്ന ഇഫ്തിഖറിന്റെ കൈയ്യിലെത്തിച്ചു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയത്.

കോലിയും സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ വരവറിയിച്ചു. പക്ഷേ അനാവശ്യ ഷോട്ടിന് കളിച്ച് സൂര്യകുമാര്‍ വിക്കറ്റ് കളഞ്ഞു. 10 പന്തില്‍ നിന്ന് 15 റണ്‍സാണ് സൂര്യകുമാറിന്റെ സംഭാവന. ഇതോടെ 26 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

അഞ്ചാമനായി അക്ഷര്‍ പട്ടേലിനെയാണ് രോഹിത് ശര്‍മ അയച്ചത്. എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടായി. ഇതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. അക്ഷറിന് പട്ടേലിന് പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് കോലി ശ്രദ്ധാപൂര്‍വം ബാറ്റുവീശി. 11-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഹാര്‍ദിക്കും കോലിയും വിക്കറ്റ് കളയാതെ ഇന്ത്യയെ നയിച്ചു.

മുഹമ്മദ് നവാസ് ചെയ്ത 12-ാം ഓവറില്‍ ഹാര്‍ദിക്കും കോലിയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ മുളച്ചു. പിന്നാലെ കോലിയും ഹാര്‍ദിക്കും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 15 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു.

ഹാരിസ് റൗഫ് ചെയ്ത 16-ാം ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ നാലോവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 54 റണ്‍സായി ഉയര്‍ന്നു. നസീം ഷാ 17-ാം ഓവറിലും ആറ് റണ്‍സ് മാത്രമാണ് ഹാര്‍ദിക്കും കോലിയ്ക്കും നേടാനായത്. ഇതോടെ ഇന്ത്യ വിയര്‍ത്തു. മൂന്നോവറില്‍ വിജയലക്ഷ്യം 48 റണ്‍സായി മാറി.

അഫ്രീദി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് കോലി അര്‍ധശതകം കുറിച്ചു. 43 പന്തില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. താരത്തിന്റെ 34-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധശതകമാണിത്. അഫ്രീദിയുടെ ഓവറില്‍ 17 റണ്‍സാണ് പിറന്നത്. ഇത് മത്സരത്തില്‍ നിര്‍ണായകമായി. ഇതോടെ അവസാന രണ്ടോവറില്‍ വിജയലക്ഷ്യം 31 റണ്‍സായി മാറി. ഹാരിസ് റൗഫ് ചെയ്ത 18-ാം ഓവറില്‍ കോലിയും ഹാര്‍ദിക്കും സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. ഈ ഓവറിലെ അവസാന രണ്ട് പന്തുകളിലും സിക്‌സടിച്ചുകൊണ്ട് കോലി കൊടുങ്കാറ്റായി. റൗഫിന്റെ ഓവറില്‍ 15 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 16 റണ്‍സായി മാറി.

നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സടിച്ച് കോലി ആരാധകരെ പുളകം കൊള്ളിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ ലക്ഷ്യം അഞ്ചായി മാറി. ഫ്രീഹിറ്റ് പന്തില്‍ കോലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സായി. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ഒരു പന്തില്‍ രണ്ട് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ സ്‌കോര്‍ തുല്യമായി. അവസാന പന്തില്‍ വിജയം ഒരു റണ്ണായി മാറി. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. കോലി 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 82 റണ്‍സെടുത്ത് അപരാജിതനായി നിന്നു. അശ്വിന്‍ നാല് റണ്‍സ് നേടി.

പാകിസ്താന് വേണ്ടി മുഹമ്മദ് നവാസ്, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ നസീം ഷാ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട പാകിസ്താന്‍ പിന്നീട് കരകയറുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top