Breaking News

സ്ത്രീകളുടെ മാംസം കുക്കറില്‍ വേവിച്ച്‌ കഴിച്ചു, പത്ത് കിലോ ഫ്രിഡ്ജില്‍ സൂക്ഷിച്ചു’,ഇനിയൊരു മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് പൊലീസ്

പത്തനംതിട്ട:”ഇലന്തൂരിലെ ഇരട്ട നരബലി കേസിൽ ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിച്ചു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്. ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്നാണ് പുതിയതും പഴയതുമായ രക്തക്കറകൾ കണ്ടെത്തിയത്.

മാംസം വേവിച്ച പാത്രങ്ങള്‍ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നല്‍കി. ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാ​ഗങ്ങളുമാണ് വേവിച്ചത്. 

മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത് ഭ​ഗവല്‍ സിങും ലൈലയും ചേര്‍ന്നാണ്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചാണ് ഇത്തരത്തില്‍ ശരീരങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയില്‍ പറയുന്നു. മൃതദേഹങ്ങള്‍ മുറിക്കാനുപയോ​ഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ഇലന്തൂർ വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹ അവശിഷ്ടം ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാൻ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമായിരുന്നു. ഇനിയും കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ

മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ 40തോളം തെളിവുകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിര്‍ണായക വിരലടയാളങ്ങളും കണ്ടെത്തി. വീടിന്റെ ഭിത്തിയില്‍ രക്തം തെറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് ലൈലയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തത്. പരിശോധനയില്‍ കൊലയ്ക്ക് ഉപയോ​ഗിച്ചു എന്നു കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോ​ഗിച്ചതായി കരുതുന്ന നാല് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. 

ആയുധങ്ങളില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കല്‍ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.

അതിനിടെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. കൊച്ചി പൊലീസിന്റെ നിര്‍ദേശാനുസരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. പ്രതികളെ വീടിന് അകത്തെത്തിച്ച്‌ കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം. 

പ്രതി ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. 

പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

മഞ്ഞള്‍ ചെടികള്‍ കൂടുതല്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോള്‍ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പൊലീസ് അടയാളപ്പെടുത്തിയത്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച്‌ അല്‍പ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളര്‍ന്ന് നില്‍ക്കുന്ന ഭാഗത്തും നായ മണം പിടിച്ച്‌ നിന്നു.ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമന്‍ അടയാളപ്പെടുത്തി. നായ മണം പിടിച്ച്‌ നില്‍ക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടെ പ്രതികളെയെത്തിച്ച്‌ അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top