Breaking News

മുഖ്യമന്ത്രിയും ശിവൻകുട്ടിയും ഫിൻലാൻഡിലേക്ക്, രാജീവും വീണയും യുകെ, റിയാസും സംഘവും പാരീസിലേക്ക്

തിരുവനന്തപുരം: ഒക്ടോബർ ആദ്യത്തോടെ യൂറോപ്പ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സംസ്ഥാനത്തെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് സന്ദര്‍ശന പരിപാടി.

മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘമാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്. കേരളവും ഫിന്‍ലന്‍ഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച്‌ പഠിക്കുന്നതിനുമാണ് ഇത്. ഫിനലാന്‍ഡ് വിദ്യാഭ്യാസമന്ത്രി  ലീ ആന്‍ഡേഴ്സെന്‍റ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്കൂളും സന്ദര്‍ശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികൾ സന്ദര്‍ശിച്ച്‌ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം സൈബര്‍രംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിന്‍ലാന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ചനടത്തും.

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. നോര്‍വെ ഫിഷറീസ് & ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍ ഈ മേഖലയിലെ വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച്‌ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. വ്യവസായമന്ത്രി പി രാജീവ് നോര്‍വെയിലും യുകെയിലും സന്ദര്‍ശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലുമുണ്ടാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബര്‍ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top