Latest News

K1000 റാലി സൂപ്പർബൈക്ക് വിഭാഗത്തിൽ ശരത് മോഹൻ തുടർച്ചയായ നാലാം തവണയും ഒന്നാമത്, സൂപ്പർ ജയം

ബംഗ്ലൂരുവിൽ നടന്ന K1000 റാലിയുടെ ഭാഗമായുള്ള സൂപ്പർബൈക്ക് എക്സ്പെർട്ട് ക്ലാസ്സ് 1 മത്സരത്തിൽ ശരത് മോഹന് സൂപ്പർ വിജയം.സൂപ്പർ ബൈക്ക് വിഭാഗത്തിൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് ശരത് ഫിനിഷ് ചെയ്തു. ഈ വിഭാഗത്തിൽ തുടർച്ചയായ നാലാം വിജയമാണ് ശരത്തിൻ്റെത്. നാല് റൗണ്ടുകളും വിജയിച്ചത് ശരത് മോഹനും ബുള്ളറ്റ് ക്ലാസ് 6 ഇൽ മത്സരിച്ച നരേഷും മാത്രമാണ്. റാലിയിൽ ടീമില്ലാതെ ഒറ്റയ്ക്ക് ഹസ്ക് വർണയിൽ മത്സരിച്ച ശരത് മോഹന് ഓവറോൾ സ്റ്റാൻഡിങ്സിൽ ആറാം സ്ഥാനവും ഉണ്ട്. അഞ്ച് സ്ഥാനങ്ങൾ ടിവിഎസ് റേസിംഗ് ടീമിനാണ്. ടീം ഇല്ലാതെ നേടിയ സൂപ്പർ വിജയം എന്നത് തന്നെ ശരത്തിൻ്റെ വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു.

കർണാടക മോട്ടോർ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഗോഡ്സ്പീഡ് റേസിംഗ് FMSCI എംആർഎഫ് മോഗ്രിപ് നാഷണൽ 2w റാലി ചാമ്പ്യൻഷിപ്പിൻ്റെ നാലാമത്തെ റൗണ്ടിൽ പെട്രോണാസ് ടിവിഎസ് റേസിംഗ് ടീമിൻ്റെ രാജേന്ദ്ര റേയാണ് ഇത്തവണയും K1000ൽ വിജയിയായത്.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ശരത് മോഹൻ മലയാളക്കരയിൽ നിന്നും ഉയർന്നു വരുന്ന യുവ മോട്ടോ റേസർ ആണ്.സാഹസികത ആവശ്യമുള്ള ഡേർട്ട് റെയ്‌സ്, റാലി കോമ്പറ്റിഷൻസ് എന്നിവ ശരത്തിന് താല്പര്യമുള്ളവയാണ്.

2014 മുതൽ പരിശീലനം ആരംഭിച്ച ശരത് പിന്നീട് പ്രൊഫഷണൽ ആയി പരിശീലനം വിപുലീകരിച്ചു. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ആദ്യഘട്ട പരിശീലനങ്ങൾക്കൊടുവിൽ ശരത് മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ചു. 2017 മുതൽ പ്രധാനപ്പെട്ട റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം കൊയ്താണ് ശരത് മുന്നേറുന്നത്. എം ആർ എഫ് നാഷണൽ സൂപ്പർക്രോസ്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്ന് റൗണ്ടുകളിലും വിജയിച്ചായിരുന്നു ശരത് വരവ് അറിയിച്ചത്. തുടർന്ന് 2018 ലും 2020 ലും 21 ലും 22 ലും ശരത് തന്‍റെ വിജയം ആവർത്തിച്ചു.നാഷണൽ ചാമ്പ്യൻ എന്ന സ്വപ്നത്തിന്‍റെ പടിവാതിലിൽ എത്തിയപ്പോഴാണ്, 2021 ഡിസംബറിൽ അപകടം റെഡ് സിഗ്നലായി ശരത്തിന്‍റെ ജീവിതത്തിന് ബ്രേക്ക് ഇട്ടത്. ഗുരുതരമായ അപകടത്തിൽ ശരത്തിനു കാര്യമായ പരിക്ക് പറ്റി. ജീവിതം ഒറ്റ നിമിഷം കൊണ്ട് ബ്രേക്ക് ഡൌൺ ആയി. എല്ലാം അവസാനിക്കുകയാണെന്നു കരുതിപോകുന്ന മാസങ്ങൾ. പക്ഷേ ശരത് വിട്ടുകൊടുത്തില്ല.ദൃഢനിശ്ചയവും, മരുന്നും, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയും കൊണ്ട് വീണ്ടും ഹെൽമറ്റും റേസിംഗ് ഗിയറുകളുമണിഞ്ഞ് ട്രാക്കിലെത്തി. തുടർന്ന് പങ്കെടുത്ത റേസുകളിലെല്ലാം വിജയക്കൊടി നാട്ടി മുന്നേറുകയാണ്.

കേരളവിഷന്‍ ”സക്സസ് ലെെന്‍ ബിസിനസ് എന്‍റര്‍പ്രണേഴ്സ് 2022 അവാർഡിൽ ബൈക്ക് റേസിംഗ് മേഖലയിൽ തൻ്റേതായ കഴിവ് തെളിയിച്ച ശരത് മോഹനെയും ആദരിച്ചിരുന്നു.

സാമ്പത്തികമായി നല്ല മുതൽമുടക്ക് ആവശ്യമുള്ള മേഖല കൂടിയാണിത്. നിലവിൽ ഈ പരിശീലനങ്ങൾക്കും മറ്റുമുള്ള പണം സ്വയം കണ്ടെത്തുകയാണ് ശരത്ത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും തുടർച്ചയായ വിജയങ്ങളും, ചാമ്പ്യൻ പട്ടങ്ങളും കരസ്ഥമാക്കിയ ശരത്, തന്‍റെ കഴിവ് കണ്ടു സ്‌പോൺസർഷിപ്പ് നൽകി തന്നെ പിന്തുണയ്ക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. തന്‍റെ വിജയങ്ങൾ കൊണ്ട് അത് സാധ്യമാകുമെന്നും ശരത്ത് വിശ്വസിക്കുന്നു. ഈ വർഷം തന്നെ അബുദാബിയിൽ നടക്കാനിരിക്കുന്ന ഡെസേർട്ട് ചലഞ്ച് ആണ് പ്രധാന മത്സരം. ഒപ്പം ദേശിയ തലത്തിലുള്ള റാലികൾ വേറെയും ഉണ്ട്.

മാറഞ്ചേരി അവുണ്ടിത്തറ സ്വദേശിയും കേരള വിഷൻ എംഡിയുമായ രാജ്മോഹൻ മാമ്പ്രയുടെ മകനാണ് ശരത് മോഹൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top