Breaking News

വെള്ളിമാടുകുന്ന് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി.കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പോക്സോ കേസില്‍ അതിജീവിതകളായ പെണ്‍കുട്ടികളെ എന്‍ട്രി ഹോമില്‍നിന്ന് കാണാതായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്യു സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിയത്.

ഈ വര്‍ഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top