Breaking News

സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

തിരുവനന്തപുരം:കനത്ത മഴയുടെ മുന്നറിയിപ്പുള്ളതുകൊണ്ട് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അതതു ജില്ലകളിലെ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.കൊല്ലം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനതംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

മരണം 12 ആയി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ മരിച്ചു. കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.

കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്‌സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പിൽ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.

സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 2291 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാമ്ബുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 21 ക്യാമ്ബുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കിയില്‍ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാമ്പിൽ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.

മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top