Breaking News

കെ ഫോണിന് ഐഎസ്പി ലൈസന്‍സ്; ഇന്റര്‍നെറ്റ് സേവനദാതാക്കളായി അംഗീകരിച്ച് കേന്ദ്രം

തിരുവനന്തപുരം:കെ ഫോണിന് ഐഎസ്പി ലൈസന്‍സ് ലഭിച്ചു. ഇതോടെ ഇന്റര്‍നെറ്റ് സേവനദാതാക്കളായി കെ ഫോണിന് പ്രവര്‍ത്തിക്കാം.കേ​ന്ദ്ര ടെലിക്കോം മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലിക്കോം മന്ത്രാലയവുമായി ലൈസന്‍സ് ധാരണാപത്രം ഒപ്പിട്ടു.

കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച്‌ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പാണ് ഉത്തരവിറക്കിയത്. പിന്നാലെയാണ് ഇപ്പോള്‍ ഐഎഫ്പി ലൈസന്‍സും ലഭിച്ചത്.

ഇനിയും സാങ്കേതിക കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാകാനുണ്ട്. അതെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി കണക്ഷന്‍ നല്‍കുന്നതടക്കമുള്ളവ ഉടന്‍ നടപ്പിലാക്കാമെന്ന പ്രതീക്ഷയിലാണ് കെ ഫോണ്‍ അധികൃതര്‍.

ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി. അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയും പരമാവധി പേര്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതു സര്‍ക്കാരിന്റെ ജനകീയ ബദല്‍കൂടിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ പ്രകാരം കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്‌ട് സ്‌പേസ്, ടവറുകള്‍, നെറ്റ്‌വര്‍ക്ക് ശൃംഖല, മറ്റാവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്‌ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡിനെ മറികടക്കാന്‍ സഹായകമാവുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top