Breaking News

ബഫര്‍സോണ്‍: മുഖ്യമന്ത്രിക്ക് കത്തയച്ചു; ഒരു മാസമായിട്ടും മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി; രാഹുലിൻ്റെ ആരോപണം തെറ്റ്,കത്ത് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം/വയനാട്:ഇഡിയെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നെന്ന് രാഹുൽ ഗാന്ധി. തന്റെ ഓഫിസിനു നേരെ അക്രമം നടത്തി തന്നെ ഭീഷണിപ്പെടുത്താമെന്നു സിപിഎമ്മും കരുതുന്നു. എന്നാൽ, അക്രമത്തിലൂടെയും ഹിംസയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാനാവില്ല. ആത്മധൈര്യമില്ലാത്തതിനാലാണ് ബിജെപിയും സിപിഎമ്മും അക്രമത്തിന്റെ പാത സ്വീകരിക്കുന്നത്. 

ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ല. ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി ഇടപെടണം. ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും. ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ  ഓഫിസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി  പെട്ടെന്നു തന്നെ ഇടപെടണം. എൽഡിഎഫ് സർക്കാർ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാൽ കോൺഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോൺഗ്രസും മാത്രമല്ലാ വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസിലാക്കണം. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാൻ കഴിയില്ല. കർഷകനിയമങ്ങൾ മോദിയെക്കൊണ്ട് പിൻവലിപ്പിച്ചതു പോലെ ബഫർ സോൺ പ്രഖ്യാപനവും പിൻവലിപ്പിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.  ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് 23 ന് മറുപടി നൽകി. വിഷയത്തിലെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും, വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണ്. ബഫർ സോൺ വിഷയത്തിൽ ജൂൺ 8ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13ന് ഓഫീസില്‍ ലഭിക്കുകയുണ്ടായി. ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും, വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.”- മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top