Breaking News

ഷാജി കിരൺ വിളിച്ചു വധഭീഷണി മുഴക്കിയെന്ന് സ്വപ്ന; മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷാജ് കിരൺ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് സ്വപ്‌ന അപേക്ഷ നല്‍കിയത്.ഹെെക്കോടതിയിലാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ പറയുന്നു. പത്ത് വയസുള്ള മകന്‍ ഒറ്റയ്ക്കാകുമെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ശബ്‌ദരേഖ കെെയിലുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

അതേസമയം താൻ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷാജ് കിരൺ എന്ന ഷാജി കിരൺ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് സ്വപ്നയോടു ഉപദേശിച്ചു. തൻറെ യഥാർത്ഥ പേര് ഷാജ് കിരൺ എന്നാണ് ചില സുഹൃത്തുക്കൾ മാത്രമാണ് ഷാജി കിരൺ എന്ന് വിളിക്കുന്നത്. സ്വപ്നയെ പരിചയമുണ്ട് എന്നാൽ തനിക്ക് മുഖ്യമന്ത്രിയെ പരിചയമില്ലെന്നും ഷാജ് കിരൺ.ഒരു സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി പരിചയം. സ്വപ്നയുടെ അമ്മ, സഹോദരന്‍, കുട്ടി എന്നിവരെ പരിചയമുണ്ട്. കൊച്ചിയിലെത്തുമ്ബോള്‍ സ്വപ്‌ന വിളിക്കാറുണ്ട്. സ്വപ്‌നയുടെ സുഹൃത്തെന്ന നിലയില്‍ സരിത്തിനെയും പരിചയമുണ്ട്. കൊച്ചിയില്‍ വന്നപ്പോള്‍ സുഹൃത്ത് എന്ന നിലയില്‍ സ്വപ്‌നയ്ക്ക് ബര്‍ത്ത്‌ഡേ കേക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട്. അതല്ലാതെ ഒരു രാഷ്ട്രീയ നേതാക്കളുമായും തനിക്ക് ബന്ധമില്ല.

ഇന്നലെ സരിത്തിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന തന്നെ വിളിച്ചു പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ സ്വപ്നയെ പാലക്കാട്ടെ ഓഫീസില്‍ പോയി കണ്ടത്. താന്‍ കെ പി യോഹന്നാന്റെ മീഡിയേറ്ററല്ല. യോഹന്നാന്റെ ഒരു കമ്പനിയിൽ ഡയറക്ടറുമല്ല. വിശ്വാസി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ട്.

സുഹൃത്ത് എന്ന നിലയില്‍ ഹെല്‍പ്പ് ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടതു പ്രകാരമാണ് പാലക്കാടെത്തിയത്. നിയമപരമായ എന്തു സഹായവും ചെയ്യാമെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അറിവുള്ള കാര്യമാണെങ്കിലും അല്ലെങ്കിലും ആലോചിച്ചിട്ടേ തീരുമാനമെടുക്കാവൂ എന്ന് ഉപദേശിച്ചതായും ഷാജി കിരണ്‍ പറയുന്നു. നിങ്ങളുടെ സേഫ്റ്റി കണ്ടുള്ള തീരുമാനമെടുക്കാനാണ് താന്‍ പറഞ്ഞത്. സുഹൃത്ത് എന്ന നിലയിലുള്ള ഉപദേശമാണ് നല്‍കിയത്. അതല്ലാതെ മറ്റെന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സ്വപ്‌ന പുറത്തുവിടട്ടെ എന്ന് ഷാജി കിരണ്‍ പറഞ്ഞു.

എം ശിവശങ്കറുമായി ഒരു പരിചയവുമില്ല. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുപോലുമില്ല. രണ്ടുമാസത്തെ പരിചയം മാത്രമാണ് സ്വപ്‌നയുമായുള്ളത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. ഈ ഭൂമി സ്‌പോര്‍ട്‌സ് ഹബ്ബായി മാറ്റുമ്ബോള്‍ ഇതിന്റെ പ്രമോട്ടറായി വരാമോ എന്നു ചോദിച്ചാണ് വിളിക്കുന്നത്. ഹര്‍ജിയിലെ വിവരങ്ങള്‍ അറിഞ്ഞ് താന്‍ ഷോക്കിലായിപ്പോയി. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് കുഴപ്പത്തിലാകരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ അറിയാത്ത താന്‍, എന്തിനാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതെന്ന് ഷാജി കിരണ്‍ ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്. പരാതിയില്‍ സ്വപ്‌ന സുരേഷിനെയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്.

ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാല്‍ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂര്‍ണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എട്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങളും പരിശോധിക്കും. കൂടാതെ സോളാര്‍ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നാണ് പൊലീസ് പറയുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും സ്‌കാനിംഗില്‍ ബാഗില്‍ കറന്‍സിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ്‌ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുള‌ള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,​ ഭാര്യ കമല,​ മകള്‍ വീണ,​ എം.ശിവശങ്കര്‍,​ കെ.ടി ജലീല്‍,​ സി.എം രവീന്ദ്രന്‍,​ നളിനി നെറ്റോ എന്നിവര്‍ക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്‌ന ആരോപിച്ചത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലന്‍സ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top