Breaking News

കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍, കേരളീയ സമൂഹം പുച്ഛിച്ച്‌ തള്ളും, രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും സിപിഐഎം

തിരുവനന്തപുരം:രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.സ്വപ്‌ന സുരേഷ് തന്റെമേല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് കാണിക്കുന്നത് കേസിനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണെന്ന് സിപിഐഎം വ്യക്തമാക്കി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്. സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ച്‌ ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്.

ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വാഭാവികമായും സ്വര്‍ണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നു എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബിജെപി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജന്‍സികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായി. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നുവന്നു.

കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് തന്റെമേല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇത് കാണിക്കുന്നത് കേസിനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണ്. കേസിലെ മറ്റ് പ്രതികളും ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം താന്‍ തന്നെയാണ് പറഞ്ഞത് എന്നും സ്വപ്‌ന സുരേഷ് തന്നെ വ്യക്തമാക്കിയിരുന്നു. വീണ്ടും അതുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ മൊഴികള്‍ നല്‍കിയ കാര്യവും മാധ്യമങ്ങള്‍ വഴി പുറത്ത് വന്നിരുന്നു. ഇതിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥനും ഇക്കാര്യം വെളിപ്പെടുത്തിയതായ വാര്‍ത്തകളും പുറത്തുവന്നിട്ടുള്ളതാണ്.

അന്വേഷണം നടത്തിയ ഏജന്‍സികളായ എന്‍ഐഎ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രം നല്‍കിയതുമാണ്. ഇ ഡി കുറ്റപത്രം നല്‍കുന്നതിനുള്ള അന്തിമമായ ഒരുക്കങ്ങളിലാണെന്നാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. രാജ്യവ്യാപകമായി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകള്‍ രൂപപ്പെടുന്നത് എന്നതും അങ്ങേയറ്റം സംശയാസ്പദമാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് രഹസ്യമൊഴി എന്ന് പറഞ്ഞ് നേരത്തെ പല ഏജന്‍സികളും പരിശോധിച്ച്‌ കഴമ്ബില്ലെന്ന് കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് കേസിലെ പ്രതി തയ്യാറായിരിക്കുന്നത്. രഹസ്യമൊഴിയുടെ ഉള്ളടക്കം സാധാരണ പുറത്ത് പറയുന്ന ഒന്നല്ല അത് ജഡ്ജിയും, അന്വേഷണ ഉദ്യോഗസ്ഥനും മാത്രം അറിയേണ്ട ഒരു കാര്യമാണ്. രഹസ്യ മൊഴി നല്‍കിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. നിയമപരമായ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് മൊഴി നല്‍കിയതെങ്കില്‍ മൊഴി നല്‍കിയ ആള്‍ ഒരിക്കലും ആ കാര്യങ്ങള്‍ പുറത്ത് പറയാറില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലും അപകീര്‍ത്തികരമായ പ്രസ്താവനകളാണ് ഇപ്പോള്‍ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്.

ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇപ്പോള്‍ ചിലര്‍ കരുതുന്നത്. ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച്‌ വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച്‌ തള്ളുക തന്നെ ചെയ്യും. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ 900 വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞിട്ടുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്താകമാനം മാതൃകയാവുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളും, തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയത് ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം സര്‍ക്കാരില്‍ ഉണ്ടാകുന്നു എന്നതാണ്. ഈ ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top