Breaking News

ക്യാപ്റ്റന്‍ നിലംപരിശായി, പിണറായി രാജിവയ്ക്കണം; ഇത് കോണ്‍ഗ്രസിന്റെ പുതിയ മുഖമെന്നും കെ സുധാകരന്‍

കണ്ണൂർ:തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൾ ഓരോ കാതം പുറകോട്ടുപോകുകയാണ് എല്‍ഡിഎഫ് ചെയ്തത്. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച്‌ മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ കാലത്തെക്കാള്‍ തൃക്കാക്കരയില്‍ ഉമയ്ക്ക് ഭുരിപക്ഷം ഉയരും. 20,000 വോട്ടിന് ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയില്‍ കണ്ടത്. ഇത് നാടിന്റെ ചിന്തയാണ്, ലക്ഷ്യമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഒരിടത്തുപേലും മുന്നേറ്റം നടത്താന്‍ ആയിട്ടില്ല. ഉപതെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനം കാതോര്‍ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു

ഇതുവരെ കേരളം കാണാത്ത രീതിയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. എല്ലാ അധികരദുര്‍വിനിയോഗവും നടത്തി. കണ്ണൂരില്‍ നിന്ന് ഉള്‍പ്പെടെയാളുകള്‍ കള്ളവോട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. ഇതിനായി ഇവിടെ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയതായും സുധാകരന്‍ പറഞ്ഞു. തൃക്കാക്കര നഗരമേഖലയായതുകൊണ്ടു അവിടെ എല്‍ഡിഎഫുകാര്‍ ധാരാളം കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും എല്‍ഡിഎഫ് ജയിച്ചില്ല. വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് വ്യക്തമാക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണെന്നും ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തനശൈലി ജനം നോക്കിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ കേരളത്തിന് വേണ്ടെന്ന പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. പിണറായുടെ വികസനമല്ല നാടിന് വേണ്ട വികസനം. ഇത് തിരുത്താന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഇതിനുള്ള അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടി പ്രവര്‍ത്തകകരുടെ കൂട്ടായ്മയാണ് ഈ വിജയം സമ്മാനിച്ചത്. എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ഈ പ്രവര്‍ത്തനം തുടരണമെന്നും സുധാകരന്‍ പറഞ്ഞു.

തിരുത മീനുമായി യുഡിഎഫിന്റെ ആഹ്ലാദപ്രകടനം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ചതിന് പിന്നാലെ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ച്‌ യുഡിഎഫ് പ്രവര്‍ത്തകര്‍. കൗണ്ടിങ്ങ് സെന്ററിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കത്തിച്ചത്. തിരുതമീനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെവി തോമസിന്റെ മുന്നില്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്.ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. പത്ത് റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 20,000 കടന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ല്‍ പിടിയുടെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്ബടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.

തോല്‍വി അപ്രതീക്ഷിതം; പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല; സിഎന്‍ മോഹനന്‍

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് മുഖ്യമന്ത്രി നേരിട്ടല്ലെന്നും ഭരണം വിലയിരുത്താന്‍ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ ഇത്തരമൊരുഫലം പ്രതീക്ഷിച്ചിരുന്നില്ല ഉമ തോമസിന്റെ ഭൂരിപക്ഷം ഇത്രയും വരുമെന്ന് കരുതിയില്ലെന്നും പോരായ്മകള്‍ പരിശോധിക്കുമെന്നും മോഹനന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top