Breaking News

വിദേശത്തേക്ക് മടങ്ങാനിരുന്ന ദിവസം യുവാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ

ചെന്നീര്‍ക്കര: വിദേശത്തേക്ക് മടങ്ങാനിരുന്ന ദിവസം യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നീര്‍ക്കര അമ്പലക്കടവ് ചക്കാലമണ്ണില്‍ കിഴക്കുംമഠത്തില്‍ പരേതനായ ജോര്‍ജ് സി.കാരത്തിന്റെ (ജീക്കുട്ടി) മകന്‍ ജിക്കു ജോര്‍ജ് (43) ആണ് മരിച്ചത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ജിക്കു മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ജിക്കുവിന്റെ അമ്മ മറിയാമ്മ ജോര്‍ജ് (ശാന്തമ്മ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ബുധനാഴ്ച രാവിലെ മുതല്‍ അമ്മ പലതവണ ജിക്കുവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും എടുത്തില്ല. മറിയാമ്മ വിവരം വീട്ടിലെ കാര്‍ ഡ്രൈവറെ വിളിച്ചറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിലെ കട്ടിലില്‍ ജിക്കുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ വാര്‍ഡംഗം റൂബി ജോണ്‍ ഇലവുംതിട്ട പോലീസിനെ വിവരം അറിയിച്ചു.

പത്തനംതിട്ടയില്‍നിന്ന് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹപരിശോധനയ്ക്കുശേഷമേ യുവാവിന്റെ മരണകാരണത്തെക്കുറിച്ച് വ്യക്തത വരുത്താന്‍ കഴിയൂ എന്ന് ഇലവുംതിട്ട പോലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top