Breaking News

അതിതീവ്രമഴ മുന്നറിയിപ്പ്,എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം, ജെസിബിയും ബോട്ടും സജ്ജമാക്കും

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കി വയ്ക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും.

മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ പോലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങള്‍ക്ക് താമസംവിനാ ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വാര്‍ത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ്പി നടപടിയെടുക്കും.

പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി കെ. പത്മകുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറയെയും നിയോഗിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗവും ശനിയാഴ്ച വൈകീട്ട് ചേര്‍ന്നിരുന്നു. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള പുരോഗതി യോഗം വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ പ്രത്യേക കണ്ട്രോള്‍ റൂം സജ്ജമാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. മുഴുവന്‍ ജില്ലകളിലും ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോള്‍ റൂം സജ്ജമാക്കാനും തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം:

പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളില്‍ യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം.

കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ശബരിമലയിലെ മസാപൂജക്കായി ദര്‍ശനത്തിന് എത്തുന്നവര്‍ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദര്‍ശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.

മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top