Breaking News

ദുരൂഹസാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം?, ആശങ്കയുയർത്തുന്നതായി ദീപിക ദിനപത്രം

കോട്ടയം: കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിനെതിരെ ദീപിക ദിനപ്പത്രം. പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ലെന്നും, ഹൈന്ദവ-ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട എല്ലാ നല്ലവരായ മനുഷ്യരും ഒന്നിച്ചു ചിന്തിക്കേണ്ട കാര്യമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ ജോയ്‌സ്‌ന എന്ന കത്തോലിക്ക യുവതിയെ കാണാതായതും, പിന്നീട് ഡിവൈഎഫ്‌ഐക്കാരനായ മുസ്ലിം യുവാവിനൊപ്പം കോടതിയില്‍ ഹാജരായതും, വിവാഹത്തിന് തീരുമാനിച്ചെന്നും യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞതും അനന്തര സംഭവങ്ങളുമൊക്കെ വലിയ വിവാദങ്ങളായി. ആ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ഇത് അത്ര നിഷ്‌കളങ്കമായ വിവാഹം ആണോയെന്ന് നിരവധിയാളുകള്‍ സംശയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ്‌ന ഒരാളെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത്?. ആരാണ് അവിവാഹിതയായ യുവതിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ട് തിരികെ കൊടുക്കാതിരുന്ന നേതാവ്?. അനുജത്തി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, വിടുന്നില്ല എന്നും ജോയ്‌സ്‌ന ഭയന്നു പറഞ്ഞതെന്തിനാണ്? തുടങ്ങിയ ചോദ്യങ്ങള്‍ മുഖപ്രസംഗം ഉന്നയിക്കുന്നു.

പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവെച്ചാണ് വിവാഹത്തിന് സമ്മതിപ്പിക്കേണ്ടത്?. ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് കെണിയൊരുക്കി നിരവധി വിവാഹങ്ങള്‍ നടക്കുന്നുണ്ട്. പരിശുദ്ധ പ്രണയങ്ങളുടെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേര്‍ക്കാറുള്ളതെന്ന് എഡിറ്റോറിയല്‍ പറയുന്നു.

സിപിഎമ്മിനെതിരെയും മുഖപ്രസംഗം വിമര്‍ശനം ഉന്നയിക്കുന്നു. പ്രണയിച്ചവരെ ഒന്നിക്കണമെന്നും, ഇതിനെ ലൗ ജിഹാദ് എന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറയുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടേയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. സിപിഎം നേതാവ് ജോര്‍ജ് എം തോമസ് പറഞ്ഞത്, ഷെജിന്‍ കാണിച്ചത് ശരിയായില്ലെന്നും പ്രണയമുണ്ടെങ്കില്‍, മിശ്രവിവാഹം കഴിക്കണമായിരുന്നെങ്കില്‍, അതു പാര്‍ട്ടിയെ അറിയിച്ച്‌ പാര്‍ട്ടിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കണമായിരുന്നു എന്നാണ്.

പെണ്‍കുട്ടിയെ ഇത്രകാലം സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടിയോ യുവാവോ ഒന്നും പറയേണ്ടതില്ലേ എന്നും മുഖപ്രസംഗം ചോദിക്കുന്നു. സ്വന്തം മകളോട് ഒന്നും സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹസാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം?. ലൗ ജിഹാദ് ഇല്ലെന്നും പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച്‌ ഭയമുണ്ട്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം. ഒരക്ഷരം പുറത്തു പറയരുത്. ഇതാണോ സിപിഎമ്മിന്റെ നയമെന്നും മുഖപ്രസംഗം ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top